വിഷു തൂക്കാൻ മമ്മൂട്ടിയും നസ്‌ലെനും ബേസിലും, കട്ടയ്ക്ക് നിൽക്കാൻ എമ്പുരാനും: വമ്പൻ സിനിമകളുമായി മോളിവുഡ്

തമിഴിൽ നിന്ന് വിഷു കളറാക്കാൻ എത്തുന്നത് അജിത് ചിത്രമായ 'ഗുഡ് ബാഡ് അഗ്ലി'യാണ്

സൂപ്പർതാര സിനിമകൾ ഉൾപ്പെടെ വലുതും ചെറുതുമായ നിരവധി സിനിമകളാണ് വിഷു സീസണിൽ കേരള ബോക്സ് ഓഫീസിൽ റിലീസിനെത്തുന്നത്. അവധിക്കാലമായതിനാൽ പല സിനിമകൾക്കും വലിയ തിരക്കാണ് ഈ സമയത്ത് തിയേറ്ററിൽ അനുഭവപ്പെടുന്നത്. ഇത്തവണത്തെ വിഷു ആഘോഷത്തിനും നിരവധി സിനിമകളാണ് തയ്യാറെടുക്കുന്നത്.

മമ്മൂട്ടി നായകനായി എത്തുന്ന ആക്ഷൻ ത്രില്ലർ ബസൂക്ക, ബേസിൽ ജോസഫ് ചിത്രം മരണമാസ്സ്‌, നസ്ലെൻ - ഖാലിദ് റഹ്‌മാൻ കൂട്ടുകെട്ടിലൊരുങ്ങുന്ന സ്പോർട്സ് കോമഡി ചിത്രം ആലപ്പുഴ ജിംഖാന, ഒപ്പം അജിത് ചിത്രമായ ഗുഡ് ബാഡ് അഗ്ലി എന്നിവയാണ് വിഷു സിനിമകൾ. ഇതിനൊപ്പം ലൗലി, ആഭ്യന്തര കുറ്റവാളി, ജാട്ട് എന്നീ സിനിമകളും ഏപ്രിലിൽ വിഷുവിന് തിയേറ്ററിലെത്തും. മമ്മൂട്ടി ആരാധകരും സിനിമാപ്രേമികളും കാത്തിരിക്കുന്ന ചിത്രമാണ് 'ബസൂക്ക'. സിനിമയുടെ ട്രെയ്‍ലര്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. മികച്ച സ്വീകരണമാണ് ട്രെയിലറിന് ലഭിച്ചത്. നവാഗതനായ ഡീനോ ഡെന്നിസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഏപ്രിൽ 10 ന് ചിത്രം പുറത്തിറങ്ങും. സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.

ടൊവിനോ തോമസ് നിർമിച്ച് നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മരണമാസ്സ്'. ബേസിൽ ജോസഫ് നായകനായി എത്തുന്ന സിനിമ ഒരു കോമഡി എന്റർടെയ്നർ ആയിട്ടാണ് ഒരുങ്ങുന്നത്. സിനിമയുടെ ട്രെയ്‌ലർ ഇന്നലെ പുറത്തുവന്നിരുന്നു. ഒരു ഡാർക്ക് കോമഡി സ്വഭാവത്തിൽ ഉള്ള ചിത്രത്തിൽ ബേസിലിന്റെ അഴിഞ്ഞാട്ടം തന്നെ പ്രതീക്ഷിക്കാം. വാഴ, ഗുരുവായൂരമ്പലനടയിൽ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണിയാണ് മരണമാസ് സിനിമയുടെ കഥ ഒരുക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്. ചിത്രം ഏപ്രിൽ 10 ന് എത്തും.

'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ 'ആലപ്പുഴ ജിംഖാന'യ്ക്ക് മേൽ സിനിമാപ്രേമികൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. നസ്‌ലെൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ പോസ്റ്ററുകൾക്കും മറ്റു അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നതും. സിനിമയുടെ ട്രെയ്‌ലർ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. മികച്ച പ്രതികരണമാണ് സൂപ്പർതാരങ്ങളിൽ നിന്നുൾപ്പെടെ ട്രെയ്‌ലറിന് ലഭിക്കുന്നത്. ഏപ്രിൽ 10ന് വിഷു റിലീസായി ചിത്രം തിയേറ്ററിലെത്തും.

തമിഴിൽ നിന്ന് വിഷു കളറാക്കാൻ എത്തുന്നത് അജിത് ചിത്രമായ ഗുഡ് ബാഡ് അഗ്ലിയാണ്. ഏപ്രിൽ 10 ന് സമ്മർ റിലീസായാണ് 'ഗുഡ് ബാഡ് അഗ്ലി' തിയേറ്ററിലെത്തുക. മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. ഇവ മൂന്നും ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

ഇതിന് പുറമെ മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരൻ സംവിധാനം ചെയ്യുന്ന ലൗലിയും ഏപ്രിലിൽ റിലീസിന് തയ്യാറെടുക്കുന്ന സിനിമയാണ്. ചിത്രത്തിൽ ഒരു ഈച്ചയാണ് നായികയായി എത്തുന്നത് എന്നതാണ് പ്രത്യേകത. ചിത്രം ത്രീഡിയിലാണ് പുറത്തിറങ്ങുന്നത്. ഒരു ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും 'ലൗലി'യ്ക്കുണ്ട്. സെമി ഫാന്‍റസി ജോണറിലെത്തുന്ന ചിത്രം നിർമിക്കുന്നത് വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്‍റെയും നേനി എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും ബാനറില്‍ ശരണ്യ സി. നായരും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ്. മാത്യു തോമസിനെ കൂടാതെ മനോജ് കെ.ജയന്‍, കെ.പി.എ.സി ലീല തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്.

സണ്ണി ഡിയോൾ നായകനാകുന്ന ജാട്ടും ഏപ്രിൽ പത്തിനാണ് തിയേറ്ററുകളിൽ എത്തുക. തെലുങ്ക് സംവിധായകൻ ഗോപിചന്ദ് മലിനേനിയാണ് ചിത്രം ഒരുക്കുന്നത്. ഏപ്രിൽ പത്തിനാണ് സിനിമ റിലീസ് ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ നവീൻ യെർനേനിയും വൈ രവിശങ്കറും പീപ്പിൾ മീഡിയ ഫാക്ടറിയുടെ ടിജി വിശ്വ പ്രസാദിനൊപ്പം ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Content Highlights: Bassoka, Alappuzha Gymkhana, maranamass vishu releases in mollywood

To advertise here,contact us