റിലീസിന് ഇനിയും മാസങ്ങൾ; ഫഹദ്-വടിവേലു കോംബോയുടെ മാരീശന്റെ ഒടിടി അവകാശം വിറ്റുപോയതായി റിപ്പോർട്ട്

സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന മാരീശൻ റോഡ്-കോമഡി വിഭാഗത്തിൽ കഥ പറയുന്ന സിനിമയായിരിക്കും

മാമന്നൻ എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും വടിവേലുവും ഒന്നിക്കുന്ന ചിത്രമാണ് മാരീശൻ. വലിയ പ്രതീക്ഷയിൽ ഒരുങ്ങുന്ന സിനിമയുടെ ഒടിടി അവകാശം സംബന്ധിച്ച് പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്. റിലീസിന് ഇനിയും മാസങ്ങൾ ബാക്കി നിൽക്കെ സിനിമയുടെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസമാണ് സിനിമയുടെ റിലീസ് സംബന്ധിച്ചുളള അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ചിത്രം 2025 ജൂലൈയിൽ റിലീസ് ചെയ്യും. എന്നാൽ തിയതി പുറത്തുവിട്ടിട്ടില്ല.

സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന മാരീശൻ റോഡ്-കോമഡി വിഭാഗത്തിൽ കഥ പറയുന്ന സിനിമയായിരിക്കും എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ് ചിത്രം ആറുമനമേ, ദിലീപ് നായകനായ മലയാള ചിത്രം വില്ലാളി വീരന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സുധീഷ് ശങ്കര്‍. മാമന്നന് പിന്നാലെ ഫഹദ് ഫാസില്‍ - വടിവേലു ടീം വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.

സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന 98-ാമത് സിനിമയാണ് മാരീശന്‍. യുവൻ ശങ്കർ രാജയാണ് മാരീശന് സംഗീതം ഒരുക്കുന്നത്. കലൈശെൽവൻ ശിവാജി ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവഹിക്കുന്നു.

Content Highlights: Maareesan OTT partner locked

To advertise here,contact us