എന്താണ് 'അസ്രേൽ'? L3 എത്തുന്നത് ഈ പേരിലോ?

ലൂസിഫർ അവസാനിക്കുമ്പോൾ രണ്ടാം ഭാഗത്തിന്റെ പേര് പാട്ടിലൂടെ പ്രഖ്യാപിച്ചതുപോലെ എമ്പുരാൻ്റെ അവസാനത്തിലും മൂന്നാം ഭാഗത്തിന്റെ പേരുണ്ട്

15 ാം വയസിൽ നാടുവിട്ട പോയ സ്റ്റീഫൻ പിന്നീട് നെടുമ്പള്ളിയിലേക്ക് തിരിച്ചെത്തുന്നത് 26 വർഷങ്ങൾക്ക് ശേഷമാണ്. ഏറ്റവും പ്രിയപ്പെട്ടവർക്ക് പോലും അറിയില്ല അത്രയും വർഷം സ്റ്റീഫൻ എവിടെ ആയിരുന്നുവെന്ന്. എന്താണ് ഈ കാലയളവിൽ അയാൾ ചെയ്തതെന്ന്.

ലൂസിഫറിൽ ഫാസില്‍ അവതരിപ്പിച്ച നെടുമ്പള്ളി അച്ഛന്‍റെ ഡയലോഗിലൂടെയാണ് പ്രേക്ഷകരിലേക്ക് തിരക്കഥാകൃത്ത് സ്റ്റീഫന്റെ ഈ കഴിഞ്ഞ കാലത്തെ കമ്യൂണിക്കേറ്റ് ചെയ്തത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിൽ സ്റ്റീഫന്റെ ഭൂതകാലം കാണാൻ ആഗ്രഹിച്ചവരെ തെല്ലൊന്ന് നിരാശപ്പെടുത്തിയിരുന്നു. പൂർണമായും സ്റ്റീഫൻ ആരാണെന്നുള്ളത് ഇപ്പോഴും ഗൂഢമായി തന്നെ നിലനിൽക്കുകയാണ്. എമ്പുരാന്റെ അവസാനം young സ്റ്റീഫനെ കാണിച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. മൂന്നാം ഭാഗം ഉറപ്പായും അബ്രാം ഖുറേഷിയിലേക്കുള്ള സ്റ്റീഫന്റെ യാത്രയാകും പറയുക എന്നും ഉറപ്പാണ്.

ഇതിനിടയിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് സിനിമയുടെ മൂന്നാം ഭാഗത്തിന് നൽകുന്ന പേര് എന്തായിരിക്കുമെന്നാണ്. 'അസ്രേൽ' എന്നാകുമെന്നാണ് ഭൂരിഭാഗം സിനിമാ പ്രേമികളും അഭിപ്രായപ്പടുന്നത്. ഇതിന് കാരണമായി അവർ ചൂണ്ടി കാണിക്കുന്നത് എമ്പുരാൻ്റെ അവസാനത്തിൽ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള സൂചനയായുള്ള പാട്ടിൽ, ഹമ്മിങ്ങായി കടന്നുവരുന്ന പദം 'അസ്രേൽ' എന്നാണ് എന്നതാണ്. രണ്ടാം ഭാഗത്തിലേക്കുള്ള സൂചനയായി 'ലൂസിഫർ' സിനിമയുടെ അവസാനരംഗത്ത് കാണിച്ച പാട്ടിൽ 'എമ്പുരാനേ…' എന്ന പ്രയോഗമുണ്ടായിരുന്നു. ഇത്തവണ അത് അസ്രേൽ എന്നാണ്.

അതുമാത്രമല്ല, ഫാദർ നെടുമ്പള്ളി സ്റ്റീഫനെ വിശേഷിപ്പിക്കുന്നത് 'പിതാവിന്റേയും പുത്രന്റേയും ഇടയിൽ വിരിഞ്ഞ ഇരുട്ടിന്റെ പൂവെന്നാണ്' എന്നാൽ സ്റ്റീഫൻ സ്വയം വിശേഷിപ്പിക്കുന്നതാവട്ടെ 'ദൈവപുത്രൻ ചെയ്‌ത പാപങ്ങളുടെ വിളവെടുക്കാൻ ദത്തുപുത്രൻ ഉയർത്തെഴുനേൽക്കേണ്ടിവന്നു.., മാലഖമാർക്ക് കടന്നു ചെല്ലാൻ സാധിക്കാത്ത ഇടങ്ങളിലേക്ക് ദൈവം അമ്മമാരെ അയച്ചതുപോലെ ദൈവത്തിന് കടന്നു ചെല്ലാൻ അറപ്പുള്ള ഇടങ്ങളിലേക്ക് ദൈവം തന്നെ നാടുകടത്തിയ കറുത്ത മാലാഖയല്ലേ ഞാൻ' എന്നാണ്. കറുത്ത മാലാഖ അഥവാ മരണത്തിന്റെ മാലാഖ എന്ന അർത്ഥമാണ് അസ്രേൽ എന്ന വാക്കിനുള്ളത്.

ദൈവത്തിന്റെ മരണ ദൂതനാണ് അസ്രേൽ. ക്രിസ്ത്യൻ ഇസ്ലാമിക് ചരിത്രത്തിലും വിശ്വാസത്തിലും നാടോടി ക്കഥകളിലും ഈ പേര് വ്യാപകമാണ്. അനീതിക്കെതിരെ പ്രതികാരം ചെയ്യുന്ന നരകത്തിന്റെ മാലാഖയാണ് അസ്രേൽ എന്നാണ് വിശ്വാസം. കബൂഗയെ കൊലപ്പെടുത്തിയ ശേഷം സ്റ്റീഫൻ പറയുന്നത് നമുക്ക് നരകത്തിൽ വെച്ച് കാണാം എന്നാണ്. ഇതെല്ലം കൂട്ടി ചേർത്താണ് സിനിമയുടെ മൂന്നാം ഭാഗത്തിന്റെ പേര് അസ്രേൽ എന്നാകുമെന്ന് പ്രേക്ഷകർ പറയുന്നത്.

ഇതിനിടയിൽ സിനിമയുടെ സംഗീത സംവിധായകൻ ദീപക് ദേവ് ഈ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അസ്രേൽ എന്നാകും സിനിമയുടെ മൂന്നാം ഭാഗത്തിന്റെ പേരെന്നാണ് പ്രതീക്ഷ എന്നാണ് അദ്ദേഹം പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ലൂസിഫറിൽ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പേര് ദീദിയുടെ ശബ്ദത്തിൽ വന്ന പാട്ടിലൂടെ തന്നെയായിരുന്നു പുറത്തു വിട്ടത്. ഇത്തവണയും അടുത്ത പടത്തിന്‍റെ പേര് ദീദിയെക്കൊണ്ട് തന്നെ അനൗണ്‍സ് ചെയ്യിപ്പിക്കട്ടെ എന്ന് പൃഥ്വി ചോദിച്ചിരുന്നുവെന്നും ദീപക് പറയുകയുണ്ടായി.

ലൂസിഫർ ഇറങ്ങിയ കാലത്തും ഏറ്റവും കൂടുതൽ ചർച്ച നടന്നത് എന്താണ് ലൂസിഫർ എന്ന വാക്കിന്റെ അർഥം എന്നറിയാൻ ആയിരുന്നു. ക്രിസ്ത്യൻ വിശ്വാസപ്രകാരം പിശാച് എന്നു വിളിക്കപ്പെടുന്ന സാത്താന്റെ ഉത്ഭവ രൂപമാണ് ലൂസിഫർ എന്ന് അന്ന് സോഷ്യൽ മീഡിയ കണ്ടെത്തിയിരുന്നു. പ്രകാശം കൊണ്ടുവരുന്നവൻ, ശുക്രനക്ഷത്രം, സാത്താൻ എന്നിവ ലൂസിഫർ എന്ന പദത്തിന്റെ നാമങ്ങളാണ്. ഏറെക്കുറെ ഇതിനോടെല്ലാം ചേർന്ന് നിൽക്കുന്നതായിരുന്നു സിനിമയിലെ സ്റ്റീഫച്ചായന്റെ കഥാപാത്രവും.

പിന്നീട് എമ്പുരാൻ എന്ന വാക്കിന്റെ അർത്ഥവും പ്രേക്ഷകർ കണ്ടെത്തിയിരുന്നു. രാജാവിന് മുകളില്‍ ദൈവത്തിന് താഴെ എന്നാണ് എമ്പുരാന്‍ എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ദൈവത്തിന് വേണ്ടി കാര്യങ്ങള്‍ നടത്തുന്ന വ്യക്തിയെ ആണ് ഈ വാക്കിലൂടെ ഉദ്ദേശിക്കുന്നത്. അതേ സമയം എംപയര്‍ ( ചക്രവര്‍ത്തി) തമ്പുരാന്‍ എന്നീ പദങ്ങളുടെ സംയോജനം കൂടിയായി ഈ വാക്ക് കാണുന്ന ആരാധകരുണ്ട്.

Content Highlights:  What is 'Azrael'? Is this the name under which L3 will be released?

To advertise here,contact us