പുലിമുരുകന്റെ തെലുങ്ക് വേര്‍ഷന്‍ കുറെ തവണ കണ്ടിട്ടുണ്ട്, കാരണം ലാലേട്ടന്റെ ഒരു സീന്‍; കാര്‍ത്തികേയ

പുലിമുരുകന്റെ തെലുങ്ക് വേര്‍ഷനായ 'മാന്യംപുലി' ചെറുപ്പത്തില്‍ ഒട്ടേറെ തവണ കണ്ടിട്ടുണ്ട്.

എമ്പുരാന്‍ സിനിമയില്‍ സയീദ് മസൂദിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകമനസില്‍ ഇടംനേടിയിരിക്കുകയാണ് തെലുങ്ക് സിനിമയിലെ യുവതാരമായ കാര്‍ത്തികേയ. ചിത്രത്തില്‍ പൃഥ്വിരാജിന്റെ കുട്ടിക്കാലമാണ് കാര്‍ത്തികേയ അഭിനയിച്ചത്. എമ്പുരാനില്‍ മോഹന്‍ലാലിനൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് കാര്‍ത്തികേയ. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിനിമാനുഭവങ്ങള്‍ താരം പങ്കുവെച്ചത്.

ചെറുപ്പത്തില്‍ മോഹന്‍ലാല്‍ സിനിമകള്‍ കണ്ടിരുന്ന സമയത്ത് സ്വപ്‌നത്തില്‍ പോലും അദ്ദേഹത്തിനൊപ്പം അഭിനയിക്കാനാകുമെന്ന് കരുതിയിരുന്നില്ലെന്ന് കാര്‍ത്തികേയ പറഞ്ഞു. പുലിമുരുകന്റെ തെലുങ്ക് വേര്‍ഷനായ മാന്യംപുലി ഒട്ടേറെ തവണ കണ്ടിട്ടുണ്ടെന്നും അതിലെ ആക്ഷന്‍ സീനുകള്‍ ഏറെ ഇഷ്ടമാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ ചെറുപ്പത്തില്‍ മന്യംപുലി എന്ന പുലിമുരുകന്റെ തെലുങ്ക് വേര്‍ഷന്‍ ഒരുപാട് തവണ കണ്ടിട്ടുണ്ട്. അതിലെ കടുവയുമായുള്ള ഫൈറ്റ് സീന്‍ കാണാന്‍ ഏറെ ഇഷ്ടമായിരുന്നു. അന്നൊന്നും ലാലേട്ടനൊപ്പം എന്നെങ്കിലും അഭിനയിക്കാന്‍ കഴിയുമെന്ന് സ്വപ്‌നത്തില്‍ വിചാരിച്ചിട്ടില്ല. എമ്പുരാന്റെ ഷൂട്ടിങ്ങിന്റെ ഇടയില്‍ ലാലേട്ടനെ ആദ്യമായി കണ്ടത് രസകരമായ അനുഭവമായിരുന്നു.

ലാലേട്ടനും ടൊവിനോയും പൃഥ്വി സാറുമായുള്ള സീനിന്റെ ഷൂട്ട് നടക്കുകയായിരുന്നു. ഞാന്‍ അപ്പോള്‍ ലാലേട്ടനോട് ഹായ് പറയാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു. ഞാന്‍ അവരെ നോക്കി നില്‍ക്കുമ്പോള്‍ ലാലേട്ടന്‍ പെട്ടെന്ന് എന്റെ നേരെ നോക്കി കൈ വീശി കാണിച്ചു. ഞാന്‍ അദ്ദേഹം മറ്റാരെയോ ആകും കൈ വീശി കാണിക്കുന്നതെന്ന് കരുതി പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല.

ഞാന്‍ വീണ്ടും ലാലേട്ടനെ നോക്കിയപ്പോള്‍ അദ്ദേഹം നിന്റെ നേരെ തന്നെയാണ് കൈ വീശിയതെന്ന മട്ടില്‍ എന്റെ നേരെ കൈ ചൂണ്ടി കാണിച്ചു. ഞാന്‍ ചെന്നിട്ട് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി. ലാലേട്ടന്‍ എന്നോട് അപ്പോള്‍ 'എന്താ മോനേ. ഹൗ ആര്‍ യൂ' എന്ന് ചോദിച്ചു,' കാര്‍ത്തികേയ ദേവ് പറയുന്നു.

മോഹന്‍ലാലിനൊപ്പമുള്ള സീന്‍ അഭിനയിക്കുന്നതിന് മുന്‍പ് താന്‍ ഏറെ ടെന്‍ഷനിലായിരുന്നു എന്നും സീന്‍ കഴിഞ്ഞ് മോഹന്‍ലാല്‍ തോളില്‍ തട്ടി അഭിനന്ദിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്നും കാര്‍ത്തികേയ കൂട്ടിച്ചേര്‍ത്തു.

Content Highlights: Karthikeya Dev shares experience about Mohanlal and Pulimurugan

To advertise here,contact us