അല്ലുവിനും അറ്റ്ലീക്കും 'കൈകൊടുത്ത്' അവതാറും അവഞ്ചേഴ്‌സും; വിസ്മയിപ്പിച്ച് അനൗൺസ്‌മെന്റ് വീഡിയോ

അല്ലു അർജുന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം അണിയറപ്രവർത്തകർ നടത്തിയിരിക്കുന്നത്

ഹിറ്റ് സംവിധായകൻ അറ്റ്ലീയും അല്ലു അർജുനും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകൾ തെന്നിന്ത്യൻ സിനിമാലോകത്ത് വലിയ ചർച്ചയായിരുന്നു. ജവാൻ എന്ന സിനിമയുടെ വിജയത്തിന് ശേഷം അറ്റ്ലീയും പുഷ്പ 2 ന്റെ വിജയത്തിന് പിന്നാലെ അല്ലുവും ഒന്നിക്കുന്നു എന്നത് തന്നെയാണ് ഈ പ്രോജക്ടിന് മേൽ ആരാധകർ വലിയ പ്രതീക്ഷകൾ നൽകിയതിന് കാരണവും. ഇപ്പോൾ അറ്റ്ലീ-അല്ലു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുകയാണ്.

അല്ലു അർജുന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം അണിയറപ്രവർത്തകർ നടത്തിയിരിക്കുന്നത്. സൺ പിക്ചേഴ്സാണ് ചിത്രം നിർമിക്കുന്നത്. ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സിനിമയുടെ ടീം ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഇതിൽ അല്ലുവും അറ്റ്ലീയും യുഎസിലേക്ക് പോകുന്നതും പല ഹോളിവുഡ് സാങ്കേതിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുന്നതും കാണാം. സ്‌പൈഡർമാൻ: ഹോം കമിങ്, ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ, അയൺ മാൻ 2, ട്രാൻസ്ഫോർമേഴ്‌സ്: റൈസ് ഓഫ് ദി ബീസ്റ്റ് തുടങ്ങിയ സിനിമകളുടെ അണിയറപ്രവർത്തകരുമായാണ് അല്ലുവും അറ്റ്ലീയും കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.

പുനർജന്മ പ്രമേയത്തെ അടിസ്ഥാനമാക്കിയായിരിക്കും അല്ലു അർജുൻ-അറ്റ്ലീ ചിത്രം കഥ പറയുക എന്ന റിപ്പോർട്ടുകളും സജീവമാണ്. അല്ലു അർജുൻ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെയാകും അവതരിപ്പിക്കുക. ഇതിൽ ഒന്ന് ആധുനിക കാലഘട്ടത്തിലുള്ളതും മറ്റൊന്ന് പഴയ കാലഘട്ടത്തിലേതുമാണെന്നാണ് സൂചന.

നേരത്തെ സിനിമയുടെ ബജറ്റ് സംബന്ധിച്ചും സിനിമയിലെ അല്ലുവിന്റെയും അറ്റ്ലീയുടെയും പ്രതിഫലം സംബന്ധിച്ചുമുള്ള വാർത്തകൾ ശ്രദ്ധ നേടിയിരുന്നു. 600 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ അല്ലു അർജുന്റെ പ്രതിഫലം 250 കോടി ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംവിധായകനായ അറ്റ്ലീക്ക് 100 കോടിയാണ് ലഭിക്കുന്നതെന്നും വാർത്തകളുണ്ട്.

Content Highlights: Allu Arjun and Atlee movie official announcement

To advertise here,contact us