ചെറിയൊരു ഇടവേളയ്ക്ക് ശേഷം 'MEGASTAR' ഈസ് ബാക്ക്; ടൈറ്റിൽ കാർഡ് ആഘോഷമാക്കി ആരാധകർ

ഏറെ വർഷങ്ങൾക്കിപ്പുറമാണ് ഒരു മമ്മൂട്ടി ചിത്രത്തിൽ മെഗാസ്റ്റാർ എന്ന ടൈറ്റിൽ കാർഡ് വരുന്നത് എന്നാണ് ആരാധകർ പറയുന്നത്

മമ്മൂട്ടി നായകനായ പുതിയ ചിത്രം ബസൂക്ക റിലീസ് ചെയ്തിരിക്കുകയാണ്. വലിയ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ സിനിമയുടെ ആദ്യ ഷോകൾ ആരംഭിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ബസൂക്ക ട്രെൻഡിങ്ങായിരിക്കുകയാണ്. അതിന് പ്രധാന കാരണം മറ്റൊന്നുമല്ല സിനിമയുടെ ആദ്യം എഴുതി കാണിക്കുന്ന മെഗാസ്റ്റാർ ടൈറ്റിൽ കാർഡാണ്.

ഏറെ വർഷങ്ങൾക്കിപ്പുറമാണ് ഒരു മമ്മൂട്ടി ചിത്രത്തിൽ മെഗാസ്റ്റാർ എന്ന ടൈറ്റിൽ കാർഡ് വരുന്നത് എന്നാണ് ആരാധകർ പറയുന്നത്. എക്സ് ഉൾപ്പടെയുളള എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ആരാധകർ മെഗാസ്റ്റാർ ടൈറ്റിലിന്റെ ആവേശം പങ്കുവെക്കുന്നുണ്ട്.

നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. മലയാളത്തിലെ എക്കാലത്തെയും മികച്ച രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഡീനോ. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.

ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, ദിവ്യ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.

Content Highlights: Megastar title in Bazooka movie is celebrated by Mammootty fans

To advertise here,contact us