'സിനിമയെ സിനിമയായി കാണണം'; എമ്പുരാൻ വിവാദങ്ങളിൽ പ്രതികരിച്ച് അഭിമന്യു സിംഗ്

'ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തുകയല്ല ഞങ്ങളുടെ ഉദ്ദേശ്യം'

കളക്ഷൻ റെക്കോർഡുകൾ എന്ന പോലെ വിവാദങ്ങൾ കൊണ്ടും മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. സിനിമയിൽ ചിറ്റില രംഗങ്ങളും വില്ലൻ കഥാപാത്രത്തിന്റെ പേരും ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് എമ്പുരാനിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ അഭിമന്യു സിംഗ്.

'സിനിമയെ സിനിമയായി കാണുക. ഒരു നടന്റെ കടമ സിനിമയ്ക്ക് ആവശ്യമായത് ചെയ്യുക എന്നതാണ്. നമ്മൾ ആ നിമിഷത്തിൽ അഭിനയിക്കുന്നു, അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. എമ്പുരാൻ എന്ന ചിത്രത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഞാൻ അടുത്തിടെയാണ് അറിഞ്ഞത്. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തുകയല്ല ഞങ്ങളുടെ ഉദ്ദേശ്യം. അത് സംഭവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,' എന്ന് അദ്ദേഹം പറഞ്ഞു. ഫിലിംഗ്യാനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഭിമന്യു സിംഗ്.

സിനിമയിലെ ക്ലൈമാക്സിനെക്കുറിച്ചക്കുള്ള വിമര്ശനങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അത് സംവിധായകന്റെ വിഷൻ ആണെന്ന് അദ്ദേഹം പറഞ്ഞു. 'അത് സംവിധായകന്റെ കാഴ്ചപ്പാടാണ്. എത്രത്തോളം വയലൻസ് കാണിക്കണമെന്നത് അദ്ദേഹത്തിന്റെ തീരുമാനമാണ്. ഒരു രംഗം എങ്ങനെ പുറത്തുവരണമെന്ന് സംവിധായകനും എഴുത്തുകാരനും തീരുമാനിക്കുന്നു. അഭിനേതാക്കളുടെ ജോലി അവർ പറയുന്നത് ശ്രദ്ധിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ്. അതാണ് ഞാൻ ചെയ്തത്,' അഭിമന്യു സിംഗ് കൂട്ടിച്ചേർത്തു.

വിജയ്, രജനികാന്ത് തുടങ്ങിയവരുടെ സിനിമകളിൽ ശ്രദ്ധേയമായ വില്ലൻ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള നടനാണ് അഭിമന്യു സിംഗ്. രാകേഷ് ഓംപ്രകാശ് മെഹ്‌റ സംവിധാനം ചെയ്ത ആക്‌സ് എന്ന ചിത്രത്തിലൂടെയാണ് അഭിമന്യു സിംഗ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 2009 ലെ ഗുലാൽ എന്ന ചിത്രത്തിലായിരുന്നു അദ്ദേഹം ഇന്ത്യൻ സിനിമാപ്രേമികൾക്കിടെയിൽ ശ്രദ്ധേയനാകുന്നത്. രക്ത ചരിത്രയിലെ ബുക്ക റെഡ്ഡി, വിജയ്‌യുടെ വേലായുധം എന്ന സിനിമയിലെ മുസാഫിർ ഇബ്രാഹിം, തലൈവയിലെ ഭീമ ഭായ്, രജനികാന്തിന്റെ അണ്ണാത്തെയിലെ മനോജ് പരീക്കർ തുടങ്ങിയവയാണ് അഭിമന്യു സിംഗിന്റെ ശ്രദ്ധേയ കഥാപാത്രങ്ങൾ. എമ്പുരാനിൽ ബൽരാജ് എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. സിനിമയുടെ റിലീസിന് പിന്നാലെയുണ്ടായ വിവാദങ്ങളെ തുടർന്ന് ഈ കഥാപാത്രത്തിന്റെ പേര് ബൽദേവ് എന്നാക്കിയിരുന്നു.

Content Highlights: Abhimanyu Singh on L2 Empuraan controversy

To advertise here,contact us