മലയാള സിനിമയുടെ സകല റെക്കോർഡുകളും തിരുത്തിക്കുറിച്ച ചിത്രമാണ് മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ. മാർച്ച് 27 ന് റിലീസ് ചെയ്ത സിനിമ നിലവിൽ ആഗോളതലത്തിൽ 250 കോടിയിലധികം രൂപ നേടി കഴിഞ്ഞു. വിഷു റിലീസുകൾ എത്തിയപ്പോഴും ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. സിനിമ ഇതാ, മറ്റൊരു റെക്കോർഡ് നേട്ടത്തിന് അരികിലാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
എമ്പുരാന്റെ മലയാളം പതിപ്പ് മാത്രമായി 94 കോടി രൂപ നേടിയതായാണ് സാക്നില്ക് റിപ്പോർട്ട് ചെയ്യുന്നത്. ആറ് കോടി കൂടി സ്വന്തമാക്കിയാൽ ചിത്രത്തിന്റെ മലയാളം പതിപ്പ് മാത്രം 100 കോടി എന്ന സംഖ്യയിലെത്തും. വമ്പൻ വിഷു റിലീസുകൾക്കിടയിലും ചിത്രം മികച്ച കളക്ഷൻ സ്വന്തമാക്കുന്നുണ്ട്.
മാർച്ച് 27 നായിരുന്നു സിനിമ ആഗോളതലത്തിൽ റിലീസ് ചെയ്തത്. ആദ്യദിനം മുതൽ സിനിമ മികച്ച കളക്ഷനോടെയാണ് മുന്നേറുന്നത്. ആദ്യ ദിനത്തിൽ 67 കോടിയിലധികം നേടിയ സിനിമ 48 മണിക്കൂർ പിന്നിടും മുന്നേ ആഗോളതലത്തിൽ 100 കോടി ക്ലബിലുമെത്തിയിരുന്നു. എമ്പുരാൻ അഞ്ച് ദിവസം കൊണ്ടാണ് ആഗോള തലത്തിൽ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്.
അതേസമയം ഒരു മൂന്നാം ഭാഗത്തിന്റെ സാധ്യതകൾ ബാക്കിവെച്ചാണ് സിനിമ അവസാനിക്കുന്നത്. ഈ വിവാദങ്ങൾക്കിടെ ഒരു മൂന്നാം ഭാഗമുണ്ടാകുമോ എന്ന സംശയം ഉയർന്നിരുന്നുവെങ്കിലും ചിത്രം ഉണ്ടാകുമെന്ന നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉറപ്പ് വന്നതോടെ ഈ ചർച്ചകൾ അവസാനിക്കുകയും ചെയ്തു. സിനിമയുടെ പേര് 'അസ്രയേല്' എന്നായിരിക്കും എന്ന സൂചനകൾ സംഗീത സംവിധായകൻ ദീപക് ദേവും നൽകിയിട്ടുണ്ട്.
Content Highlights: Empuraan malayalam version collection report