രാജേഷ് മാധവന്‍ എന്ന മാരക പെര്‍ഫോമര്‍, മരണമാസ്സിന്റെ എല്ലാമെല്ലാം ഇയാളാണ്

ചിരിപ്പിച്ചും ഭയപ്പെടുത്തിയും അരങ്ങുവാഴുകയാണ് മരണമാസ്സില്‍ രാജേഷ് മാധവന്‍

icon
dot image

മരണമാസ്സ് എന്ന ചിത്രത്തിലൂടെ ഒരിക്കല്‍ കൂടി സിനിമാപ്രേമികളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് രാജേഷ് മാധവന്‍. ചിത്രത്തില്‍ എസ് കെ എന്ന സീരിയല്‍ കില്ലര്‍ കഥാപാത്രമായി ചിരിപ്പിച്ചും ഭയപ്പെടുത്തിയുമാണ് രാജേഷ് അവതരിക്കുന്നത്.

ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറില്‍ കഥ പറയുന്ന സിനിമയുടെ തമാശകളും ഡാര്‍ക്ക് സൈഡുമെല്ലാം ഏറ്റവും ഭംഗിയോടെ ചേര്‍ന്നുവന്നിരിക്കുന്നത് എസ് കെ എന്ന കഥാപാത്രത്തിലാണ്. അതീവ ഗൗരവ സ്വഭാവക്കാരനായി നിന്നുകൊണ്ട് സിനിമയിലെ ഭൂരിഭാഗം രംഗങ്ങളിലും ചിരിപ്പിക്കുന്ന രാജേഷ് മാധവന്‍, പിന്നീട് പല ഘട്ടങ്ങളിലും ഭയപ്പെടുത്തുന്ന ഭാവമാറ്റവും കാഴ്ച വെക്കുന്നുണ്ട്.

Image

സാധാരണ കോമഡി ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഏറെ പവര്‍ഫുള്ളമായ ആക്ഷന്‍ രംഗങ്ങളാണ് മരണമാസിലുള്ളത്. ഒപ്പം അടിയുടെയും ഇടിയുടെയും വേദനയും ക്രൂരതയും, വയലന്‍സിന് അമിതമായ സ്‌ക്രീന്‍ സ്‌പേസ് നല്‍കാതെ തന്നെ, വ്യക്തമായി കാണിച്ചുതരികയും ചെയ്യും. ഈ സീക്വന്‍സുകളെ അതിന്റെ പൂര്‍ണതയില്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് രാജേഷ് മാധവന്റെ പെര്‍ഫോമന്‍സാണ്.

കാസ്റ്റിങ് പെര്‍ഫെക്ടായാല്‍ സിനിമയുടെ പകുതി പണി പൂര്‍ത്തിയായി എന്നാണ് മരണമാസ്സിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന സംവിധായകന്‍ ശിവപ്രസാദിന്റെ വാക്കുകള്‍. മരണമാസ്സിന് റിപ്പീറ്റ് വാല്യു നല്‍കുന്നതില്‍ സ്‌ക്രിപ്റ്റിനും മേക്കിങ്ങിനുമെന്നതു പോലെ രാജേഷ് മാധവന്റെ പെര്‍ഫോമന്‍സിനും വലിയ പങ്കുണ്ട്.

പലപ്പോഴും ഒരാളുടെ കാസ്റ്റിങ് പൂര്‍ത്തിയായിലും കഥാപാത്രത്തിനായി മറ്റ് ചില ഓപ്ഷനുകള്‍ കൂടി നോക്കി വെക്കാറുണ്ടെന്നും എന്നാല്‍ രാജേഷ് മാധവനേക്കാള്‍ മികച്ചൊരു കാസ്റ്റിങ് എസ് കെയ്ക്കായി ലഭിച്ചില്ലെന്നും ശിവപ്രസാദ് പറയുന്നു. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് മരണമാസ്സ് നേടുന്നത്. സിജു സണ്ണിയുടെ കഥയും ശിവപ്രസാദിനൊപ്പം ചേര്‍ന്ന രചിച്ച തിരക്കഥ കയ്യടി നേടുകയാണ്. രാജേഷ് മാധവനൊപ്പം ബേസില്‍ ജോസഫ്, ബാബു ആന്റണി, സുരേഷ് കൃഷ്ണ, സിജു സണ്ണി, അനിഷ്മ, പുലിയന്നം പൗലോസ് എന്നിവരുടെ പെര്‍ഫോമന്‍സും ശ്രദ്ധേയമാകുന്നുണ്ട്.

Content Highlights: Rajesh Madhavan's performance in Maranamass is widely appreciated

To advertise here,contact us
To advertise here,contact us
To advertise here,contact us