'വടിവേലു സാറിനെയും പരിഗണിച്ചിരുന്നു'; റെട്രോയിലെ ജയറാമിന്റെ കഥാപാത്രത്തെക്കുറിച്ച് കാർത്തിക് സുബ്ബരാജ്

'ചർച്ചകൾക്കിടയിൽ ജയറാം സാർ എന്ന ഓപ്‌ഷൻ വന്നപ്പോൾ ഞാൻ വളരെ എക്സൈറ്റഡായി'

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം ജയറാമും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോൾ ആ കഥാപാത്രത്തെക്കുറിച്ച് കാർത്തിക് സുബ്ബരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഈ കഥാപാത്രത്തിലേക്ക് വടിവേലു ഉൾപ്പടെയുള്ള പലരെയും ആലോചിച്ചിരുന്നു എന്നാണ് കാർത്തിക് സുബ്ബരാജ് പറഞ്ഞു.

'നിരവധിപ്പേരെ ആലോചിച്ചിരുന്നു ആ കഥാപാത്രത്തിനായി. വടിവേലു സാറിനെയും പരിഗണിച്ചിരുന്നു. എന്നാൽ സഹസംവിധായകർക്കൊപ്പമുള്ള ചർച്ചകൾക്കിടയിൽ ജയറാം സാർ എന്ന ഓപ്‌ഷൻ വന്നപ്പോൾ ഞാൻ വളരെ എക്സൈറ്റഡായി. ഇത് ഗംഭീരമാകും എന്ന് തോന്നി. അങ്ങനെ ജയറാം സാറിനോട് ഈ കഥ പറഞ്ഞു. അദ്ദേഹത്തിനും ഇഷ്ടപ്പെട്ടു,' എന്നാണ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കാർത്തിക് സുബ്ബരാജ് പറഞ്ഞത്.

.@karthiksubbaraj - "Vadivelu sir has also been in discussions to be cast in #Retro but in the end Jayaram sir did it" pic.twitter.com/1GsA2C19yf

മെയ് ഒന്നിനാണ് ചിത്രം പുറത്തിറങ്ങുന്നത്. സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

'ലവ് ലാഫ്റ്റർ വാർ' എന്നാണ് 'സിനിമയുടെ ടാഗ് ലൈൻ. ചിത്രത്തിൽ രണ്ട് ലുക്കിലാണ് സൂര്യയെത്തുന്നത്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്. നെറ്റ്ഫ്ലിക്സിന് ആണ് റെട്രോയുടെ സ്ട്രീമിം​ഗ് അവകാശം വാങ്ങിയിരിക്കുന്നത്. 80 കോടി രൂപയ്ക്കാണ് ഇവർ ചിത്രം വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യ ചിത്രങ്ങളിലെ റെക്കോർഡ് തുകയാണിത്. ചിത്രം തീയേറ്ററിൽ റിലീസ് ചെയ്ത് എട്ട് ആഴ്ചയ്ക്ക് ശേഷമാകും ഒടിടിയിൽ എത്തുകയെന്നും റിപ്പോർട്ടുണ്ട്.

Content Highlights: Karthik Subbaraj on Jayaram's character in Retro

To advertise here,contact us