'അങ്ങനെയൊക്കെ ആരെങ്കിലും ചെയ്യുമോ'; 'മലൈക്കോട്ടെ വാലിബൻ' പോസ്റ്റിൽ വിശദീകരണവുമായി ഡീനോ ഡെന്നിസ്

'നമുക്ക് എന്തെങ്കിലും അഭിപ്രായം പറയണമെന്നുണ്ടെങ്കിൽ അത് സ്വയം എഴുതിയിട്ടാൽ മതിയല്ലോ, മറ്റൊരാൾ എന്തോ ചീത്ത പറയുന്നത് ഷെയർ ചെയ്യേണ്ട കാര്യമില്ലല്ലോ'

മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയുടെ റിലീസ് സമയം സംവിധായകൻ ഡീനോ ഡെന്നിസ് സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്ത പോസ്റ്റ് ഏറെ ചർച്ചയായിരുന്നു. സംവിധയകാൻ ലിജോ ജോസ് പെല്ലിശ്ശേരിയെ പരിഹസിച്ചുകൊണ്ട് മറ്റൊരാൾ പങ്കുവെച്ച പോസ്റ്റായിരുന്നു അദ്ദേഹം ഷെയർ ചെയ്തത്. പിന്നാലെ ആ പോസ്റ്റ് താൻ അറിയാതെ ഷെയർ ചെയ്തതാണ് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ആ സംഭവത്തിൽ വിശദീകരണം നൽകിയിരിക്കുകയാണ് ഡീനോ ഡെന്നിസ്.

പിതാവുമായി തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന സാമ്യം അറിയാതെ കൈകൊണ്ട് ആ പോസ്റ്റ് ഷെയർ ചെയ്യപ്പെടുകയായിരുന്നു. അത്തരമൊരു അബദ്ധം സംഭവിച്ചത് അറിഞ്ഞപ്പോൾ തന്നെ അത് ഡിലീറ്റ് ചെയ്തു. എന്നാൽ തനിക്കും പിതാവിനും മാതാവിനുമെല്ലാം വലിയ തോതിൽ സൈബർ അറ്റാക്ക് നേരിടേണ്ടി വന്നു. മോഹൻലാലിനെയും ലിജോ ജോസ് പെല്ലിശേരിയെയും ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് താൻ. ലിജോയെ വിളിച്ച് താൻ സംസാരിച്ചിരുന്നു. ആ സംഭവം മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കപ്പെടുന്നത് ഏറെ വിഷമമുണ്ടാക്കുന്നതായും ഡീനോ പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എന്റെ പിതാവ് നൂറോളം സിനിമകൾ എഴുതിയിട്ടുള്ള ആളാണ്. അതിൽ പകുതിയും പുതുമുഖ സംവിധായകർക്കും ആർട്ടിസ്റ്റുകൾക്കും അവസരം നൽകിയിട്ടുള്ള വ്യക്തിയാണ്. ലിജോ ചേട്ടന്റെ പിതാവ് പെല്ലിശ്ശേരി അങ്കിൾ ഏറ്റവും അധികം അഭിനയിച്ചിരിക്കുന്നത് എന്റെ ഫാദറിന്റെ സിനിമകളിലാണ്. ലിജോ ചേട്ടനെയും നമുക്ക് നല്ലപോലെ അറിയാം,'

'വീട്ടിൽ ഒരുദിവസം എന്റെ ഫാദറുമായി തല്ലുപിടുത്തമായിരുന്നു. എന്റെ കൈയിൽ ആ സമയം ഫോണുണ്ടായിരുന്നു. കൈ തട്ടി ഒരു പോസ്റ്റ് ഷെയറായി പോയി. ഞാൻ അത് അറിഞ്ഞില്ല. പെട്ടെന്ന് എന്റെ ഒരു കസിൻ എന്നെ വിളിച്ച് പറയുകയും ഞാൻ അത് ഡിലീറ്റ് ചെയ്യുകയുമുണ്ടായി. അത് വാലിബാൻ ഇറങ്ങിയ സമയത്ത് ലിജോ ചേട്ടനെതിരെയുള്ള പോസ്റ്റായിരുന്നു. അത് അറിയാതെ ഷെയർ ചെയ്തതാണ് എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഒരു പോസ്റ്റും പങ്കുവെച്ചിരുന്നു. എന്നാൽ വൈകുന്നേരമായപ്പോൾ ഒരു സൈബർ അറ്റാക്ക് എന്ന നിലയിലേക്ക് കാര്യങ്ങൾ പോയി. എന്റെ പപ്പയെയും മമ്മിയെയും ആളുകൾ തെറി വിളിച്ചു. മമ്മൂക്കയുടെ ജോർജേട്ടൻ എന്നെ വിളിച്ച് നീയെയാണോ ഇട്ടത് എന്ന് ചോദിച്ചു. ഞാൻ ഇട്ടതല്ല, അറിയാതെ പോയതാണ് എന്ന് ഞാൻ പറഞ്ഞു. ആരെങ്കിലും അങ്ങനെയൊക്കെ ഇടുമോ?,' ഡീനോ ചോദിച്ചു.

'ഞാൻ ലാലേട്ടനെ ഏറെ ബഹുമാനിക്കുന്ന ഒരാളാണ്. അതുപോലെ ലിജോ ചേട്ടൻ എനിക്ക് പ്രിയപ്പെട്ട സംവിധായകനും. ഞാൻ ലിജോ ചേട്ടനെ വിളിച്ച് കാര്യം പറഞ്ഞിരുന്നു. അതൊന്നും നീ മൈൻഡ് ചെയ്യേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബസൂക്ക ചെയ്യുന്നത് കൊണ്ട് തന്നെയാണ് ആ സംഭവം അത്രത്തോളം വൈറലായത്. നമുക്ക് എന്തെങ്കിലും അഭിപ്രായം പറയണമെന്നുണ്ടെങ്കിൽ അത് സ്വയം എഴുതിയിട്ടാൽ മതിയല്ലോ, മറ്റൊരാൾ എന്തോ ചീത്ത പറയുന്നത് ഷെയർ ചെയ്യേണ്ട കാര്യമില്ലല്ലോ. അത് മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കപ്പെടുന്നത് ഏറെ സങ്കടമുള്ള കാര്യമാണ്. അന്ന് ഞാൻ ആ വിഷയം ക്ലിയർ ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും അതിന്റെ പേരിൽ സൈബർ ബുള്ളിയിങ് നടക്കുന്നുണ്ട്,' എന്നും ഡീനോ ഡെന്നിസ് വ്യക്തമാക്കി.

Content Highlights: Deenu Dennis talks about Malaikottai Vaaliban incident

To advertise here,contact us