ആദിക് രവിചന്ദ്രൻ അജിത്ത് ഫാൻസിന് ഒരുക്കിയ വിരുന്നായ ഗുഡ് ബാഡ് അഗ്ലി തിയേറ്ററിൽ ഗംഭീര പ്രകടനം നടത്തി മുന്നേറുകയാണ്. അജിത്തിന്റെ മുൻ സിനിമകളുടെ റഫറൻസുകളുമായി കളർഫുള്ളായി എത്തുന്ന പടം ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ഇപ്പോഴിതാ സിനിമ ഒരു വമ്പൻ നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. സിനിമയുടെ ഇന്ത്യൻ നെറ്റ് കളക്ഷൻ 100 കോടി കടന്നതായാണ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്.
തിങ്കളാഴ്ച മാത്രം 15 കോടി രൂപയാണ് സിനിമയുടെ ഇന്ത്യൻ നെറ്റ് കളക്ഷൻ. ഇതോടെ എല്ലാ ഭാഷകളിലുമായി 101.30 കോടി ഇന്ത്യൻ നെറ്റ് കളക്ഷൻ സിനിമ സ്വന്തമാക്കി കഴിഞ്ഞു. ആഗോളതലത്തിലാകട്ടെ സിനിമ 150 കോടിയിലധികം രൂപയാണ് ഇതുവരെ നേടിയിരിക്കുന്നത്.
തുടക്കം മുതൽ ക്ലൈമാക്സ് വരെ ഒരു 'അജിത് ഷോ' തന്നെയാണ് സിനിമ. അജിത്തിന്റെ പ്രകടനത്തിനൊപ്പം എല്ലാവരും പ്രശംസിക്കുന്ന മറ്റൊരു പെർഫോമൻസ് അർജുൻ ദാസിന്റേതാണ്. ജി വി പ്രകാശ് കുമാർ ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും വലിയ കയ്യടി ലഭിക്കുന്നുണ്ട്.
മാര്ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില് ഒരുങ്ങിയ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. അജിത് കുമാര് നായകനായി വരുമ്പോള് ചിത്രത്തില് നായിക തൃഷയാണ്. പ്രഭു, അര്ജുൻ ദാസ്, പ്രസന്ന, സുനില്, ഉഷ ഉതുപ്പ്, രാഹുല് ദേവ്, റെഡിൻ കിംഗ്സ്ലെ പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര് സംഗീതം നിര്വഹിക്കുന്നു.
Content Highlights: Good Bad Ugly Crosses Rs 100 Crore In India