
മുഖ്യമന്ത്രി പിണറായി വിജയനെ കാണാനും അദ്ദേഹത്തോടൊപ്പം സമയം ചിലവിടാനും കഴിഞ്ഞതിലും ഏറെ സന്തോഷമുണ്ടെന്ന് നടന്‍ ശിവകാര്‍ത്തികേയന്‍. പിണറായി വിജയന്‍ സാറിനൊപ്പം ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനായത് ജീവിതത്തിലെ ഏറെ സ്പെഷ്യൽ ആയ മൊമെന്റ് ആണെന്നും നടൻ ശിവകാർത്തികേയൻ. ഇത്രയും നാളും പിണറായി എന്നത് അദ്ദേഹത്തിന്റെ പേര് ആണെന്നാണ് കരുതിയത്. ഇപ്പോഴാണ് ഇത് ഒരു സ്ഥലത്തിന്റെ പേരാണെന്ന് അറിഞ്ഞതെന്നും നടൻ പറഞ്ഞു. 'പിണറായി പെരുമ' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശിവകാർത്തികേയൻ.
'സിഎം സാറിനെ നേരിട്ട് കാണാനായതിൽ ഒരുപാട് സന്തോഷം. അതിലും വലിയ സന്തോഷമാണ് അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് ലഞ്ച് കഴിക്കാൻ പറ്റിയത്. ആദ്യമേ എന്നോട് ലഞ്ച് സിഎമ്മിന്റെ വീട്ടിൽ നിന്നാണെന്ന് പറഞ്ഞിരുന്നു. ആദ്യം ഞാൻ ഒറ്റയ്ക്കിരുന്നു കഴിക്കുമെന്നാണ് വിചാരിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ വീട്ടിൽ അദ്ദേഹത്തിനോടൊപ്പം ഇരുന്നു ഒരു ഫാമിലി മെമ്പർ പോലെ കഴിക്കാൻ സാധിച്ചു. സാറിനെ ഇന്ന് കണ്ടതും സംസാരിച്ചതും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചതുമെല്ലാം എനിക്ക് സ്പെഷ്യൽ ആയ മൊമെന്റ് ആണ്.
ആദ്യം 'പിണറായി പെരുമ' എന്ന പേര് കേട്ടപ്പോൾ അത് പിണറായി വിജയൻ സാറിനെക്കുറിച്ചുള്ള പരിപാടി ആകുമെന്നാണ് കരുതിയത്. ഇത്രയും നാളും പിണറായി എന്നത് അദ്ദേഹത്തിന്റെ പേര് ആണെന്നാണ് കരുതിയത്. ഇപ്പോഴയാണ് ഇത് ഈ സ്ഥലത്തിന്റെ പേരാണെന്ന് അറിഞ്ഞത്. 'മുരട്ടുകാളൈ' എന്ന രജനി സാറിന്റെ സിനിമയിലെ പാട്ടില്‍ ഫേമസ് ആയ ഒരു വരിയുണ്ട്. 'പൊറന്ത ഊരുക്ക് പുഗഴ ചേര്, വളർന്ത നാട്ടുക്ക് പെരുമ തേട്', എന്നാണ് ആ വരികൾ. അത് എത്രമാത്രം ശരിയാണെന്ന് പിണറായി വിജയൻ സാറിനെ കണ്ടാൽ മനസിലാകും. ഈ നാടിന്റെ പേരിനെ മുന്നോട്ട് കൊണ്ടുപോയി ഇന്ന് അദ്ദേഹം ഒരു ഐക്കൺ ആയി മാറിയിരിക്കുകയാണ്', ശിവകാർത്തികേയൻ പറഞ്ഞു. ശിവകാര്‍ത്തികേയന്‍റെ ഈ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വെെറലായിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു പിണറായി പെരുമ എന്ന പരിപാടി നടന്നത്.
എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന മദ്രാസി ആണ് ഇനി പുറത്തിറങ്ങാനുള്ള ശിവകാർത്തികേയൻ ചിത്രം. ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും കേന്ദ്ര കഥാപാത്രമായി എത്തുന്നു. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്. വിധ്യുത് ജമാൽ, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
Content Highlights: Sivakarthikeyan talks about Pinarayi Vijayan, video goes viral