ഷൈൻ ടോം ചാക്കോയെ പോലുള്ളവരെ മാറ്റിനിർത്താനുള്ള ധൈര്യം സൂപ്പർതാരങ്ങൾ കാണിക്കണം: ഭാഗ്യലക്ഷ്‌മി

'വിൻ സി എടുത്ത ആ തീരുമാനം ഓരോ സംവിധായകനും നിർമാതാവും അഭിനേതാവും സ്വീകരിക്കണം'

നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍ സി അലോഷ്യസ് പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി ഭാഗ്യലക്ഷ്‌മി. ഇത്തരത്തിൽ ലഹരി ഉപയോഗിക്കുന്ന നിരവധിപ്പേർ സിനിമാ വ്യവസായത്തിലുണ്ട്. അത്തരക്കാർക്കൊപ്പം ഇനി സിനിമകൾ ചെയ്യില്ല എന്ന നിലപാട് സിനിമാ സംഘടനകൾ സ്വീകരിക്കണമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. റിപ്പോർട്ടറിനോട് പ്രതികരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.

'വിൻ സി ആരെക്കുറിച്ചാണ് പറയുന്നതെന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. എന്നാൽ പറയേണ്ട വ്യക്തി തന്നെ അത് തുറന്നു പറയാതെ നമ്മൾ അത് പറയുന്നത് ശരിയല്ല. ഇത്രയും നാൾ പേര് പറയണം എന്നും പറഞ്ഞാണല്ലോ ആ കുട്ടിയെ എല്ലാവരും ആക്രമിച്ചത്. ഇപ്പോൾ ആ പേര് തുറന്നു പറഞ്ഞിരിക്കുകയാണ്. ഇനി എന്താണ് ചെയ്യാൻ പോകുന്നത്. ഞങ്ങൾ ഇയാളെ വെച്ച് സിനിമകൾ ചെയ്യില്ല എന്ന് പറയാനുള്ള തന്റേടമാണ് എല്ലാ സിനിമാ സംഘടനകളും കാണിക്കേണ്ടത്. ഈ ഒരാൾ അല്ല, ഇത്തരത്തിൽ നിരവധിപ്പേരുണ്ട്. ഇത്തരക്കാരെ വെച്ച് സിനിമ ചെയ്യില്ല എന്ന് പറയാനുളള ധൈര്യം ഫിലിം ചേംബറോ നിർമാതാക്കളുടെ സംഘടനയോ കാണിക്കാത്തത് എന്തുകൊണ്ടാണ്? ഇവർ ചോദിക്കുന്ന പണം കൊടുത്താണ് സിനിമയിൽ അഭിനയിപ്പിക്കുന്നത്. ഇത്തരക്കാർക്ക് കടിഞ്ഞാൺ ഇടാൻ നിർമാതാക്കൾ തന്നെ വിചാരിക്കണം,' എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

'ഇയാളെ പോലുള്ളവർക്കൊപ്പം വർക്ക് ചെയ്യില്ല എന്ന് വിൻസി എടുത്ത ആ തീരുമാനം ഓരോ സംവിധായകനും നിർമാതാവും അഭിനേതാവും സ്വീകരിക്കണം. വലിയ വലിയ സൂപ്പർതാരങ്ങളുടെ സിനിമകളിൽ ഇവർ അഭിനയിക്കുന്നുണ്ട്. അവർ തീരുമാനിക്കണം ഇയാളെ തങ്ങളുടെ സിനിമകളിൽ അഭിനയിപ്പിക്കില്ല എന്ന്. ലഹരി ഉപയോഗിച്ച് ശല്യം തീർക്കുന്ന ഇത്തരക്കാരെ മാറ്റിനിർത്തണം എന്ന് പറയാനുള്ള ധൈര്യം കോടികൾ പ്രതിഫലം വാങ്ങുന്ന നടന്മാർക്ക് പോലുമില്ല. അവിടെയാണ് ഇടക്കാലത്ത് വന്നു നല്ല സിനിമകൾ ചെയ്ത ഒരു പെൺകുട്ടി ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത്. ആ പെൺകുട്ടിയെ നമ്മൾ അഭിനന്ദിക്കണം,' എന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.

ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും ലഹരി ഉപയോഗിച്ച ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായതിനാലാണ് തീരുമാനമെന്നുമുള്ള വിന്‍ സിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു. അന്ന് നടന്‍റെ പേര് വിൻ സി വെളിപ്പെടുത്തിയിരുന്നില്ല. പിന്നാലെ ഇപ്പോൾ ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിന്‍ സി ഫിലിം ചേംബറിന് നൽകുകയായിരുന്നു. 'സൂത്രവാക്യം' എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഷെെൻ ടോം ചാക്കോയില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിൻ സി ഫിലിം ചേംബറിന് പരാതി നൽകിയത്. സിനിമയുടെ ആഭ്യന്തര പരാതി കമ്മിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്.

Content Highlights: Bhagyalakshmi comments on Vincy Aloshious complaint against Shine Tom Chacko

To advertise here,contact us