നടന് ഷൈന് ടോം ചാക്കോയ്ക്കെതിരെ നടി വിന് സി അലോഷ്യസ് പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി നിര്മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റുമായ ജി സുരേഷ് കുമാർ. യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ ശക്തമായ നടപടി ഈ സംഭവത്തിൽ സർക്കാരിൽ നിന്നും പൊലീസിൽ നിന്നും ഉണ്ടാകണം. ഷൈൻ ടോം ചാക്കോയ്ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടറിനോട് പ്രതികരിക്കുകയായിരുന്നു ജി സുരേഷ് കുമാർ.
'എന്റെ അടുത്ത് ആരും പരാതിയുമായി വന്നിട്ടില്ല. എന്നാൽ ഈ വ്യക്തി ലഹരി ഉപയോഗിക്കുന്നതായുള്ള ആരോപണം വ്യാപകമായി സിനിമാ വൃത്തങ്ങൾക്കിടയിൽ തന്നെയുണ്ട്. സിനിമാ സെറ്റിൽ ഒന്നോ രണ്ടോ അല്ല, പല അഭിനേതാക്കളും ടെക്ക്നീഷ്യന്മാരും ഇത്തരം ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഈ അടുത്ത് കാരവാൻ ഓണേഴ്സുമായി നടന്ന ഒരു മീറ്റിങ്ങിൽ ഒരു കാരവാൻ ഓണർ പറഞ്ഞത് പുക കാരണം കാരവാന്റെ ഉള്ളിൽ കയറാൻ കഴിയുന്നില്ലെന്നാണ്. യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ ശക്തമായ നടപടി ഈ സംഭവത്തിൽ സർക്കാരിൽ നിന്നും പൊലീസിൽ നിന്നും ഉണ്ടാകണം. നൂറ് ശതമാനം ഇയാളെ മാറ്റി നിർത്തും. ഈ നടനെതിരെ നടപടി എടുക്കും. അതിൽ ഭയപ്പെടേണ്ടതില്ല,' ജി സുരേഷ് കുമാർ പറഞ്ഞു.
ലഹരി ഉപയോഗിക്കുന്നവര്ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും ലഹരി ഉപയോഗിച്ച ഒരു നടനില് നിന്നും മോശം അനുഭവം ഉണ്ടായതിനാലാണ് തീരുമാനമെന്നുമുള്ള വിന് സിയുടെ വെളിപ്പെടുത്തല് ചര്ച്ചയായിരുന്നു. അന്ന് നടന്റെ പേര് വിൻ സി വെളിപ്പെടുത്തിയിരുന്നില്ല. പിന്നാലെ ഇപ്പോൾ ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിന് സി ഫിലിം ചേംബറിന് നൽകുകയായിരുന്നു. 'സൂത്രവാക്യം' എന്ന സിനിമയുടെ ലൊക്കേഷനില് വെച്ച് ഷെെൻ ടോം ചാക്കോയില് നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടികാട്ടിയാണ് വിൻ സി ഫിലിം ചേംബറിന് പരാതി നൽകിയത്. സിനിമയുടെ ആഭ്യന്തര പരാതി കമ്മിറ്റിക്കും പരാതി നല്കിയിട്ടുണ്ട്.
Content Highlights: G Suresh Kumar comments on Vincy Aloshious complaint against Shine Tom Chacko