പലരും ഇതൊക്കെ നോർമലൈസ് ചെയ്യാറുണ്ട്, പരാതി ഉയർന്ന സാഹചര്യത്തിൽ നടപടി ഉണ്ടാവണം: മാലാ പാർവതി

'പലരും ഇത്തരം കാര്യങ്ങളെ തമാശ രൂപേണയാണ് കാണുന്നത്. കുട്ടികൾ പരാതി പറഞ്ഞാൽ അനുഭവിക്കുക തന്നെ. വേറെ വഴിയൊന്നുമില്ല, കോമഡിയൊക്കെ വീട്ടിൽ ഇരിക്കും'

നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍ സി അലോഷ്യസ് പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി നടി മാലാ പാർവതി. പലരും ഇത്തരം കാര്യങ്ങളെ തമാശ രൂപേണയാണ് കാണുന്നത്. ഇത്തരം കാര്യങ്ങളെ പലരും നോർമലൈസ് ചെയ്യുകയാണ്. എന്നാൽ ഒരു പരാതി ഉയർന്നിട്ടുണ്ടെങ്കിൽ അതിന് നടപടി ഉണ്ടാകണമെന്ന് മാലാ പാർവതി പറഞ്ഞു. റിപ്പോർട്ടറിനോട് പ്രതികരിക്കുകയായിരുന്നു മാലാ പാർവതി.

'ഷൈൻ ടോം ചാക്കോയെക്കുറിച്ച് സോഷ്യൽ മീഡിയയിലൊക്കെ ഇത്തരം ആരോപണങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ എന്റെ അറിവിൽ ഷൈൻ സെറ്റിൽ വളരെ അച്ചടക്കമുള്ള നടനാണ്. നടിയോട് മോശമായി പെരുമാറി എന്നൊക്കെ പറയുന്നത് സിനിമയിൽ കോമഡിയായിട്ടാണ് പലരും കാണുന്നത്. ഇത്തരം കാര്യങ്ങളെ പലരും നോർമലൈസ് ചെയ്യുകയാണ്. പിന്നെ കുട്ടികൾ പരാതി പറഞ്ഞാൽ അനുഭവിക്കുക തന്നെ. വേറെ വഴിയൊന്നുമില്ല, കോമഡിയൊക്കെ വീട്ടിൽ ഇരിക്കും,' മാലാ പാർവതി പറഞ്ഞു.

ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും ലഹരി ഉപയോഗിച്ച ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായതിനാലാണ് തീരുമാനമെന്നുമുള്ള വിന്‍സിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു. അന്ന് നടന്‍റെ പേര് വിൻസി വെളിപ്പെടുത്തിയിരുന്നില്ല. പിന്നാലെ ഇപ്പോൾ ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിന്‍സി അലോഷ്യസ് ഫിലിം ചേംബറിന് നൽകുകയായിരുന്നു. 'സൂത്രവാക്യം' എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഷെെൻ ടോം ചാക്കോയില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടികാട്ടിയാണ് വിൻസി ഫിലിം ചേംബറിന് പരാതി നൽകിയത്. സിനിമയുടെ ആഭ്യന്തര പരാതി കമ്മിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്.

Content Highlights: Mala Parvathi comments on Vincy Aloshious complaint against Shine Tom Chacko

To advertise here,contact us