മോഹന്ലാലിന്റെ തുടരും എന്ന ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് മോഹന്ലാല്. ചിത്രത്തിന്റെ പ്രൊമോ സോംഗിനായി കാത്തിരുന്നവര്ക്ക് മുന്പിലേക്ക് മോഹന്ലാല് ഒരു സര്പ്രൈസുമായി എത്തിയിരിക്കുകയാണ്.
മോഹന്ലാല് ആലപിച്ച ക്രിസ്ത്യന് ഭക്തിഗാനമാണ് ഇപ്പോള് പുറത്തുവന്നിരിക്കുന്നത്. വ്യാകുലമാതാവേ...എന്ന ഗാനത്തിന് ഈണം നല്കിയിരിക്കുന്നത് സ്റ്റീഫന് ദേവസിയാണ്. പ്രഭ വര്മയുടേതാണ് വരികള്. ഈസ്റ്ററിന്റെ വിശുദ്ധവാരത്തിലാണ് കന്യാമേരിയുടെ ത്യാഗത്തെ കുറിച്ച് ഓര്ക്കുന്ന ഗാനം എത്തിയിരിക്കുന്നത്.
സിനിമയിലും പുറത്തുമായി നേരത്തെയും മോഹന്ലാല് പാട്ടുകള് പാടിയിട്ടുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകളുടെ കൂട്ടത്തില് അവയില് പലതും ഇടംപിടിച്ചിട്ടുണ്ട്. ഇപ്പോള് ഭക്തിസാന്ദ്രമായി എത്തിയിരിക്കുന്ന പുതിയ ഗാനവും ജനങ്ങള് ഏറ്റെടുക്കുന്നുണ്ട്.
അതേസമയം, ബോക്സ് ഓഫീസില് ചരിത്രം സൃഷ്ടിച്ച എമ്പുരാന് ശേഷം മോഹന്ലാല് നായകനായി എത്തുന്ന തുടരും ഏപ്രില് 25ന് തിയേറ്ററുകളിലെത്തും. ജനുവരി റിലീസായിട്ടായിരുന്നു ആദ്യം പ്ലാന് ചെയ്തത്. എന്നാല് ചില കാരണങ്ങളാല് റിലീസ് നീട്ടുകയായിരുന്നു. ചിത്രത്തിലെ ഗാനങ്ങള്ക്കും ട്രെയിലറിനും വന് വരവേല്പാണ് ലഭിച്ചിരിക്കുന്നത്. ശോഭനയും മോഹന്ലാലും 20 വര്ഷങ്ങള്ക്ക് ശേഷം വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും.
മണിയന്പിള്ള രാജു, ബിനു പപ്പു, ഇര്ഷാദ്, തോമസ് മാത്യു തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. രജപുത്ര വിഷ്വല് മീഡിയയുടെ ബാനറില് രജപുത്ര രഞ്ജിത്താണ് ചിത്രം നിര്മിച്ചിരിക്കുന്നത്. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തില് ഒരുങ്ങുന്ന ചിത്രത്തില് ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്ലാല് എത്തുന്നത്.
Content Highlights: Mohanlal sung a new christain devotional song