മമ്മൂട്ടിക്കൊപ്പം ഒരു സിനിമ ചെയ്യുന്നതിന് പദ്ധതിയിട്ടിരുന്നതായി സംവിധായകൻ തരുൺ മൂർത്തി. സൗദി വെള്ളക്ക എന്ന സിനിമയുടെ റിലീസിന് ശേഷം മമ്മൂട്ടി വിളിച്ച് അഭിനന്ദിച്ചിരുന്നു. ഒരുമിച്ചൊരു സിനിമ ചെയ്യുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഒരു കഥ കണ്ടെത്തുകയും അതിൽ കുറച്ച് നാൾ വർക്ക് ചെയ്യുകയുമുണ്ടായി. എന്നാൽ ഉദ്ദേശിച്ച രീതിയിലേക്ക് അത് മാറ്റാൻ കഴിയാതെ വന്നതോടെ ആ സബ്ജക്ട് ഉപേക്ഷിക്കുകയും പിന്നീടാണ് മോഹൻലാലിനൊപ്പം തുടരും എന്ന സിനിമ ചെയ്തത് എന്നും തരുൺ പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു തരുണ് മൂര്ത്തി.
'സൗദി വെള്ളക്ക റിലീസായ ശേഷം ആദ്യം വിളിച്ചത് മമ്മൂക്കയായിരുന്നു. പുള്ളി വിളിച്ചിട്ട് സിനിമ നന്നായിട്ടുണ്ടെന്ന് പറഞ്ഞു. ‘നമുക്കൊരു പടം ചെയ്യണ്ടേടാ’ എന്ന് ചോദിച്ചു. ഇങ്ങോട്ട് എനിക്ക് അവസരം തന്നതായിരുന്നു. പക്ഷേ, മമ്മൂക്ക ഇപ്പോള് ചെയ്യുന്ന സിനിമകളറിയാമല്ലോ. മൊത്തം പരീക്ഷണ സബ്ജക്ടുകളാണ്. അപ്പോള് അങ്ങനെയുള്ള നടന്റെയടുത്തേക്ക് കഥയും കൊണ്ട് ചെല്ലുമ്പോള് അതിനനുസരിച്ചുള്ള എന്തെങ്കിലും നമ്മുടെ കൈയില് വേണമല്ലോ. മമ്മൂക്കക്ക് വേണ്ടി ഒരു സബ്ജക്ട് കിട്ടി. പക്ഷേ, അതിനെ ഞാന് ഉദ്ദേശിച്ച രീതിയിലേക്ക് മാറ്റാന് പറ്റിയില്ല. പുള്ളി ഇടക്ക് വിളിച്ച് ചോദിക്കും. റെഡിയായിക്കൊണ്ടിരിക്കുകയാണെന്ന് ഞാന് മറുപടി പറയും. പക്ഷേ ആ സബ്ജക്ട് ഉപേക്ഷിക്കേണ്ടി വന്നു. പുതിയ കഥ അന്വേഷിക്കുന്നതിനിടയിലാണ് തുടരും സിനിമയുടെ കഥ എന്റെയടുത്തേക്ക് വന്നത്. ഭാഗ്യമാണോ നിര്ഭാഗ്യമാണോ എന്നൊന്നും അറിയില്ല. രജപുത്ര രഞ്ജിത്തേട്ടനാണ് ഈ കഥയും കൊണ്ട് ലാലേട്ടനെ കാണാന് ചെല്ലാന് പറഞ്ഞത്. അങ്ങനെയാണ് ലാലേട്ടന്റെ അടുത്ത് എത്തുന്നത്,' എന്ന് തരുൺ മൂർത്തി പറഞ്ഞു.
അതേസമയം തരുൺ മൂർത്തിയുടെ പുതിയ ചിത്രമായ തുടരും ഏപ്രിൽ 25 നാണ് തിയേറ്ററിലെത്തുക. ജനുവരി റിലീസായിട്ടായിരുന്നു ആദ്യം പ്ലാന് ചെയ്തത്. എന്നാല് ചില കാരണങ്ങളാൽ റിലീസ് നീട്ടുകയായിരുന്നു. മോഹന്ലാലും ശോഭനയും 20 വര്ഷങ്ങള്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. മണിയന്പിള്ള രാജു, ബിനു പപ്പു, ഇര്ഷാദ്, തോമസ് മാത്യു തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. രജപുത്ര വിഷ്വല് മീഡിയയുടെ ബാനറില് രജപുത്ര രഞ്ജിത്താണ് ചിത്രം നിര്മിച്ചിരിക്കുന്നത്. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്.
Content Highlights: Tharun Moorthy says that Mammootty approached him for a project