സൂപ്പർതാര സിനിമകൾ ഉൾപ്പെടെ വലുതും ചെറുതുമായ നിരവധി സിനിമകളാണ് ഇത്തവണ വിഷു റിലീസായി തിയേറ്ററിലെത്തിയത്. മികച്ചതും സമ്മിശ്രവുമായ പ്രതികരണങ്ങൾ സ്വന്തമാക്കി ബോക്സ് ഓഫീസിൽ വമ്പൻ മുന്നേറ്റം നടത്തി കുതിക്കുകയാണ് ഈ സിനിമകൾ. ഇപ്പോഴിതാ ഈ സിനിമകളുടെ ഏഴാം ദിവസ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.
നസ്ലെന് ചിത്രമായ ആലപ്പുഴ ജിംഖാനയാണ് കളക്ഷനിൽ ഒന്നാമത് നിൽക്കുന്നത്. ഏഴാം ദിവസമായ ഇന്നലെ 2.35 കോടിയാണ് ചിത്രം നേടിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് തമിഴ്, തെലുങ്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. നസ്ലെന്റെ പ്രകടനത്തിനും കയ്യടികൾ ലഭിക്കുന്നുണ്ട്. തൊട്ടുപിന്നിൽ രണ്ടാമത് ബേസിൽ ജോസഫ് ചിത്രമായ മരണമാസ്സ് ആണ്. 0.68 കോടിയാണ് ചിത്രം ഇന്നലെ നേടിയത്. പതിയെ തുടങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ ഇപ്പോൾ വലിയ മുന്നേറ്റമാണ് നടത്തുന്നത്. ബേസിൽ ചിത്രം ആദ്യദിനത്തിൽ 1.1 കോടി ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് നേടിയതായാണ് ട്രാക്കര്മാരായ സാക്നില്കിന്റെ റിപ്പോർട്ട്. മലയാളത്തിലും തമിഴിലുമായി മൂന്ന് ചിത്രങ്ങളോട് ക്ലാഷ് റിലീസ് ചെയ്ത് മികച്ച കളക്ഷൻ തന്നെ മരണമാസ്സിന് നേടാനായിട്ടുണ്ട് എന്നാണ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, മമ്മൂട്ടി ചിത്രമായ ബസൂക്കയ്ക്ക് 0.37 കോടി മാത്രമാണ് നേടാനായത്. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിന്റെ കഥയ്ക്കും തിരക്കഥയ്ക്കും വിമർശങ്ങൾ ലഭിക്കുന്നുണ്ട്. ആഗോള ബോക്സ് ഓഫീസിൽ ഇതുവരെ ചിത്രം 20 കോടി നേടിയെന്നാണ് റിപ്പോർട്ട്.
17/04/25 Kerala Box Office Early Estimates:#AlappuzhaGymkhana: ₹2.35 Cr#MaranaMass : ₹0.68 Cr#Bazooka: ₹0.37 Cr#GoodBadUgly : ₹0.21 Cr#Empuraan: ₹0.21 Cr
അജിത് ചിത്രമായ ഗുഡ് ബാഡ് അഗ്ലിക്കും കേരളത്തിൽ നല്ല കളക്ഷൻ ലഭിക്കുന്നുണ്ട്. 0.21 കോടിയാണ് സിനിമയുടെ ഇന്നലത്തെ നേട്ടം. റിലീസ് ചെയ്ത് ഏഴ് ദിവസം കഴിയുമ്പോൾ 3.63 കോടിയാണ് സിനിമയുടെ കേരളത്തിൽ നിന്നുള്ള ഗ്രോസ് കളക്ഷൻ. വളരെ നാളുകൾക്ക് ശേഷം കേരളത്തിൽ വിജയം കൈവരിക്കുന്ന അജിത് സിനിമയാണ് ഗുഡ് ബാഡ് അഗ്ലി. മുൻപ് ഇറങ്ങിയ വിടാമുയർച്ചിക്ക് കേരളത്തിൽ കാര്യമായ നേട്ടമുണ്ടാക്കാനായിരുന്നില്ല.
Content Highlights: Alappuzha Gymkhana, Bazooka, Maranamass collection report