അൽഫോൺസ് പുത്രൻ ഈസ് ബാക്ക്! ഇത്തവണ വരവ് സൂര്യയ്ക്കും കാർത്തിക് സുബ്ബരാജിനുമൊപ്പം

റെട്രോയുടെ ട്രെയ്‌ലറും ഓഡിയോയും ഇന്ന് പുറത്തിറങ്ങും

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. കങ്കുവയിലൂടെ സൂര്യയ്ക്ക് ഉണ്ടായ ക്ഷീണം റെട്രോ മാറ്റുമെന്നാണ് പരക്കെയുള്ള സംസാരം. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലറിനെക്കുറിച്ചുള്ള ഒരു വമ്പൻ അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലറും ഓഡിയോയും ഇന്ന് പുറത്തിറങ്ങും. ചിത്രത്തിന്റെ ട്രെയ്‌ലർ കട്ട് ചെയ്തിരിക്കുന്നത് അൽഫോൺസ് പുത്രൻ ആണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. പ്രേമം, നേരം തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയസംവിധായകനായി മാറിയ ആളാണ് അൽഫോൺസ് പുത്രൻ. മരക്കാർ അറബിക്കടലിന്റെ സിംഹം, ഒപ്പം തുടങ്ങിയ മോഹൻലാൽ സിനിമകളുടെ ട്രെയ്‌ലർ കട്ടിന് പിന്നിലും അൽഫോൺസ് ആയിരുന്നു. യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. രണ്ട് മണിക്കൂർ 48 മിനിട്ടാണ് സിനിമയുടെ നീളം. മെയ് ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന് അതിരാവിലെ ഷോ ഉണ്ടായിരിക്കില്ല എന്നും ആഗോളതലത്തിൽ ഒരേ സമയമാകും ചിത്രമെത്തുക എന്നുമാണ് റിപ്പോർട്ട്. രാവിലെ ഒമ്പത് മണിക്കായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് ഒടിടി പ്ലേ റപ്പോർട്ട് ചെയ്യുന്നത്.

Exclusive ❗ It’s an @puthrenalphonse - #RetroTrailer cut 💥#Retro - Audio & Trailer from today 👊🏿#LoveLaughterWar #TheOne #RetroFromMay1@Suriya_Offl #Jyotika @karthiksubbaraj @hegdepooja @Music_Santhosh @prakashraaj @C_I_N_E_M_A_A @rajsekarpandian @kaarthekeyens @kshreyaas… pic.twitter.com/uanJ62bgUC

സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്. നെറ്റ്ഫ്ലിക്സിന് ആണ് റെട്രോയുടെ സ്ട്രീമിം​ഗ് അവകാശം വാങ്ങിയിരിക്കുന്നത്. 80 കോടി രൂപയ്ക്കാണ് ഇവർ ചിത്രം വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യ ചിത്രങ്ങളിലെ റെക്കോർഡ് തുകയാണിത്. ചിത്രം തീയേറ്ററിൽ റിലീസ് ചെയ്ത് എട്ട് ആഴ്ചയ്ക്ക് ശേഷമാകും ഒടിടിയിൽ എത്തുകയെന്നും റിപ്പോർട്ടുണ്ട്.

Content Highlights: Alphonse Puthren to cut trailer for Retro

To advertise here,contact us