ഫാമിലി മാൻ, ഫർസി, ഗൺസ് ആൻഡ് ഗുലാബ്സ് എന്നീ സൂപ്പർഹിറ്റ് സീരീസുകൾക്ക് ശേഷം രാജ് ആൻഡ് ഡികെ സംവിധാനം ചെയ്ത സീരീസാണ് 'സിറ്റാഡൽ ഹണി ബണ്ണി'. വരുൺ ധവാൻ, സാമന്ത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സീരിസ് മികച്ച പ്രതികരണമാണ് നേടിയത്. എന്നാൽ വരുൺ, സാമന്ത ആരാധകരെ നിരാശയിലാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
'സിറ്റാഡൽ ഹണി ബണ്ണി' ആദ്യ സീസണിന് ശേഷം സീരിസിന്റെ നിർമാതാക്കളായ ആമസോൺ പ്രൈം ക്യാൻസൽ ചെയ്തതായി ഡെഡ്ലൈൻ റിപ്പോർട്ട് ചെയ്തു. സിറ്റാഡലിന്റെ ഇറ്റാലിയൻ പതിപ്പ് ആയ സിറ്റാഡൽ: ഡയാനയും ക്യാൻസൽ ചെയ്തു എന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, പ്രിയങ്ക ചോപ്രയും റിച്ചാർഡ് മാഡൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ സിറ്റാഡലിന്റെ ഹോളിവുഡ് വേർഷന്റെ രണ്ടാം സീസൺ 2026 ൽ പുറത്തിറങ്ങും.
'വിജയകരവും പ്രേക്ഷക ശ്രദ്ധ നേടിയതുമായ ഈ ഇന്റര്നാഷണല് ചാപ്റ്ററുകള് ഇനി വ്യക്തിഗത പരമ്പരകളായി തുടരില്ലെങ്കിലും, സിറ്റാഡലിന്റെ സീസൺ 2 ആവേശകരമായിരിക്കും. പുതിയ കഥാപാശ്ചത്തലവും, അഭിനേതാക്കളുടെ കോമ്പിനേഷനും, ഒപ്പം കഥാപാത്രങ്ങളുടെ വൈകാരിക യാത്രകളെ പുതിയ സീസൺ കൂടുതൽ ആഴത്തിലാക്കും. 2026 ൽ സിറ്റാഡൽ സീസൺ 2 ആഗോളതലത്തിൽ പ്രീമിയർ ചെയ്യും', എന്നാണ് ആമസോൺ എംജിഎം സ്റ്റുഡിയോ ടെലിവിഷൻ മേധാവി വെർനൺ സാൻഡേഴ്സ് പറഞ്ഞത്.
നവംബർ ഏഴിന് ആമസോൺ പ്രൈമിലൂടെ ആണ് സിറ്റാഡൽ ഹണി ബണ്ണി സ്ട്രീമിങ് ആരംഭിച്ചത്. പ്രിയങ്ക ചോപ്ര, റിച്ചാർഡ് മാഡൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഹോളിവുഡ് സീരീസ് ആയ സിറ്റാഡലിന്റെ സ്പിൻ ഓഫ് ആയിട്ടാണ് ഈ ഇന്ത്യൻ വേർഷൻ ഒരുങ്ങിയത്. സാമന്തയുടെ ആദ്യ മുഴുനീള ആക്ഷൻ വേഷമാണിത്. വമ്പൻ ആക്ഷൻ രംഗങ്ങളാണ് സീരിസിൽ സാമന്ത ചെയ്തിരിക്കുന്നത്. ഫാമിലി മാൻ സീസൺ 2 വിന് ശേഷം സാമന്തയും രാജ് ആൻഡ് ഡികെയും വീണ്ടും ഒന്നിക്കുന്ന സീരീസാണിത്.
Content Highlights: Citadel Honey Bunny cancelled after season one