ഷൂട്ട് പോലും കഴിഞ്ഞില്ല, പക്ഷേ ആവശ്യപ്പെടുന്നത് കോടികൾ! ബാലയ്യ സിനിമയുടെ ഒടിടി റൈറ്റ്സിനായി മത്സരം

ബോയപതി ശ്രീനു സംവിധാനം 2021 ൽ പുറത്തിറങ്ങിയ 'അഖണ്ഡ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് ഇപ്പോൾ ബാലകൃഷ്ണ അഭിനയിക്കുന്നത്

നന്ദമുരി ബാലകൃഷ്ണ എന്ന പേര് കേട്ടപ്പോൾ ചിലപ്പോൾ മലയാളികൾക്ക് അത്രപെട്ടെന്ന് മനസിലാകണമെന്നില്ല. എന്നാൽ ബാലയ്യ എന്ന പേര് ഒട്ടുമിക്ക മലയാളി സിനിമാപ്രേമികളും കേട്ടിട്ടുണ്ടാകും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തൊട്ടതെല്ലാം പൊന്നാക്കുകയാണ് ബാലയ്യ. തുടർച്ചായി നാല് 100 കോടി സിനിമകളാണ് ബാലയ്യയുടെതായി പുറത്തിറങ്ങിയത്. ഇപ്പോഴിതാ ബാലയ്യയുടെ അടുത്ത സിനിമയുടെ അപ്ഡേറ്റ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ബോയപതി ശ്രീനു സംവിധാനം 2021 ൽ പുറത്തിറങ്ങിയ അഖണ്ഡ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് ഇപ്പോൾ ബാലകൃഷ്ണ അഭിനയിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ ഇരട്ട വേഷത്തിലാണ് ബാലയ്യ എത്തുന്നത്. ചിത്രത്തിന്റെ ഒടിടി വിതരണാവകാശത്തിനായി നിർമാതാക്കൾ 100 കോടി ആവശ്യപ്പെട്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് തുടങ്ങിയ ഒടിടി പ്ലാറ്റുഫോമുകളാണ് സിനിമയുടെ വിതരണത്തിനായി നിർമാതാക്കളെ സമീപിച്ചത്. മുന്‍പ് തിയറ്ററില്‍ മാത്രമാണ് ബാലയ്യ പടങ്ങള്‍ തരംഗം സൃഷ്ടിച്ചതെങ്കില്‍ 2021ന് ശേഷം ഒടിടിയില്‍ ബാലയ്യ സിനിമകൾ വന്‍ തരംഗം ഉണ്ടാക്കുന്നുണ്ട്. ആഹാ എന്ന ഒടിടി പ്ലാറ്റ്ഫോമിലെ 'അണ്‍സ്റ്റോപ്പബിള്‍ ബാലയ്യ' എന്ന പരിപാടിയും ഇതില്‍ വലിയ പങ്കുവഹിച്ചെന്നാണ് റിപ്പോര്‍ട്ട്. ബാലയ്യയുടെ അവസാന ചിത്രം ഡാക്കു മഹാരാജ് നെറ്റ്ഫ്ലിക്സില്‍ 200 മില്ല്യണ്‍ സ്ട്രീംഗ് മിനിറ്റ് ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇതാണ് ഇത്ര വലിയ തുക ആവശ്യപ്പെടാൻ നിർമാതാക്കളെ പ്രേരിപ്പിച്ചതെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്.

അതേ സമയം, പ്രഗ്യാ ജെയ്സ്വാള്‍ ആണ് അഖണ്ഡ 2 വിൽ നായികയായി എത്തുന്നത് ബോയപതി ശ്രീനുവും ബാലയ്യയും നേരത്തെ ഒന്നിച്ച സിംഹ, ലെജന്‍റ്, അഖണ്ഡ എന്നീ ചിത്രങ്ങള്‍ എല്ലാം വന്‍ വിജയങ്ങളായിരുന്നു. ബാലയ്യ നായകനായി എത്തി അവസാനം പുറത്തിറങ്ങിയ ഡാക്കു മഹാരാജ് വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ബോബി കൊല്ലി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ബോക്സ് ഓഫീസിലും മുന്നേറ്റമുണ്ടാക്കാൻ സിനിമയ്ക്ക് സാധിച്ചിരുന്നു. 156 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. തുടർച്ചയായി 100 കോടി ക്ലബ്ബിൽ എത്തുന്ന ബാലകൃഷ്ണയുടെ നാലാമത്തെ സിനിമയാണ് ഡാക്കു മഹാരാജ്.

Content Highlights: Balayya film Akanda 2 OTT rights asking price is 100 crores

To advertise here,contact us