ദൃശ്യം 3യും മിറാഷും അവിടെ നിൽക്കട്ടെ, പുത്തൻ ചിത്രം പ്രഖ്യാപിച്ച് ജീത്തു ജോസഫ്

നടൻ പൃഥ്വിരാജ് ഉൾപ്പടെയുള്ള സിനിമാ മേഖലയിലെ പ്രമുഖർ ജീത്തുവിന് ആശംസ അറിയിച്ചിട്ടുണ്ട്.

ഈസ്റ്റർ ദിനത്തിൽ പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകൻ ജീത്തു ജോസഫ്. 'വലതുവശത്തെ കള്ളൻ' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് പങ്കുവെച്ചാണ് ജീത്തു സിനിമയുടെ ടൈറ്റിൽ പങ്കുവെച്ചിരിക്കുന്നത്. നടൻ പൃഥ്വിരാജ് ഉൾപ്പടെയുള്ള സിനിമാ മേഖലയിലെ പ്രമുഖർ ജീത്തുവിന് ആശംസ അറിയിച്ചിട്ടുണ്ട്.

മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം' എന്ന ടാഗ് ലൈനോടെയാണ് 'വലതുവശത്തെ കള്ളൻ' ടൈറ്റിൽ ലുക്ക് പുറത്തിറക്കിയിരിക്കുന്നത്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഒരു കുറ്റാന്വേഷണ സിനിമയാണെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ഒരു മേശയിൽ പൊലീസ് കേസ് ഫയലും കമ്പ്യൂട്ടറും വയർ‍ലെസും താക്കോൽകൂട്ടവും കണ്ണടയും ഇരിക്കുന്നതാണ് ടൈറ്റിൽ പോസ്റ്ററിലുള്ളത്.

ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് പ്രതീക്ഷ. ബേസിൽ ജോസഫ് നായകനായെത്തിയ നുണക്കുഴിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം. ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിറാഷ് എന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്തിടെയാണ് പൂർത്തിയായത്. ദൃശ്യം 3 പ്രഖ്യാപിച്ചിരുനെങ്കിലും സിനിമയുടെ അപ്ഡേറ്റുകൾ ഒന്നും പുറത്തുവിട്ടിട്ടില്ല.

Content Highlights: Jeethu Joseph announces new film

To advertise here,contact us