ഉത്സവപ്പറമ്പിൽ 'ഇസ്രായേലിൻ നാഥൻ' പാടാൻ ഇന്ന് പേടിയാണ്, ആളുകൾ അതിൽ ജാതി കാണുന്നു; കെ ജി മാർക്കോസ്

'ഇന്ന് പേടിയാണ് നമ്മൾ ഒരു വേദിയിൽ പോകുമ്പോൾ ഒരു നല്ല പാട്ട് പാടുക എന്നതേയുള്ളൂ, അതിൽ ആളുകൾ ജാതി കാണുന്നു'

താൻ പാടി തുടങ്ങിയ സമയത്ത് എവിടെയും ഏത് ​ഗാനങ്ങളും ആലപിക്കാനുള്ള സ്വതന്ത്ര്യം ഉണ്ടായിരുന്നുവെന്നും എന്നാൽ ഇന്ന് പാട്ടുകളിൽ പോലും ആളുകൾ ജാതി കാണുന്നുണ്ടെന്നും ഗായകൻ മാർക്കോസ്. അടുത്തിടെ ചിറ്റുമല ക്ഷേത്രത്തിൽ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ഗാനമേളയിൽ മാർക്കോസ് പാടിയ ‘ഇസ്രായേലിൻ നാഥനായി’ എന്ന ​ഗാനം സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ആ​ഗ്രഹമുണ്ടെങ്കിലും ചില ഇടങ്ങളിൽ പാട്ടു പാടാൻ പേടിയാണെന്നും അദ്ദേഹം പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഞാൻ പാടി തുടങ്ങിയ കാലത്ത് സഭ്യമല്ലാത്ത പാട്ടുകളോ, പ്രശ്നങ്ങളുണ്ടാകുന്ന പാട്ടുകളോ അല്ലെങ്കിൽ നമുക്ക് ഏത് പാട്ടും എവിടെയും പാടാമായിരുന്നു. അന്ന് പള്ളിയിൽ ചെന്ന് ഹിന്ദു ഭക്തിഗാനങ്ങൾ പാടിയിട്ടുണ്ട്, അമ്പലങ്ങളിൽ ചെന്ന് ‘ഇടയകന്യകേ’ പാടിയിട്ടുണ്ട്, മുസ്ലിം പള്ളികളിൽ ചെന്ന് ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ പാടിയിട്ടുണ്ട്. അന്ന് ഇതൊന്നും ഒരു പ്രശ്നമല്ലായിരുന്നു. ആളുകളെ സംബന്ധിച്ചിടത്തോളം നന്നായി പാടി കേൾക്കുക എന്നതിലായിരുന്നു കാര്യം. പാട്ടിന്റെ ഭാവം, ശബ്ദത്തിന്റെ ആഴം ഇവയൊക്കെയായിരുന്നു നോക്കിയിരുന്നത്.

ഇന്ന് ജാതീയത കൂടി കൂടി വരികയാണ്. അറുപത് എഴുപത് വർഷങ്ങൾക്ക് മുൻപ് ജാതി ഒരു പ്രശ്നമായിരുന്നു എന്ന് എന്റെ കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട്, പക്ഷെ ഞങ്ങൾ വളർന്ന് വരുന്ന സമയത്ത് അതൊരു പ്രശ്നമായിരുന്നില്ല. ഇന്ന് പേടിയാണ് നമ്മൾ ഒരു വേദിയിൽ പോകുമ്പോൾ ഒരു നല്ല പാട്ട് പാടുക എന്നതേയുള്ളൂ, അതിൽ ആളുകൾ ജാതി കാണുന്നു, അത് കേസ് ആകുന്നു. അധികാരികൾക്ക് വേണമെങ്കിൽ അത് ഒഴിവാക്കാവുന്നതേ ഉള്ളൂ. പക്ഷെ അവരും അത് പൊക്കി കൊണ്ട് വന്ന് ഒരു മോശം അവസ്ഥയിലേക്ക് എത്തിക്കുന്ന ഒരു പ്രവണതയുണ്ട്. അതുകൊണ്ട് പാട്ടുകൾ പാടാൻ ആ​ഗ്രഹമുണ്ടെങ്കിലും നമുക്ക് അത് ചെയ്യാൻ പേടിയാണ്,'കെ ജി മാർക്കോസ് പറഞ്ഞു.

Content Highlights: Singer KG Markose says people see caste in songs today

To advertise here,contact us