സമീപകാലത്തെ തുടർ പരാജയങ്ങൾക്ക് ശേഷം വിജയ് ദേവരകൊണ്ടയ്ക്ക് ഒരു തിരിച്ചുവരവ് നൽകുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രമാണ് കിങ്ഡം. ജേഴ്സി എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച ഗൗതം തന്നൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെയ് 30 ന് തിയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന സിനിമയുടെ റിലീസ് നീട്ടിയതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.
സിനിമയുടെ റിലീസ് നീട്ടുന്നതിന് പല കാരണങ്ങളുണ്ടെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. അതിൽ പ്രധാന കാരണം സിനിമയുടെ പശ്ചാത്തല സംഗീതവുമായി ബന്ധപ്പെട്ടതാണ്. അനിരുദ്ധാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. അനിരുദ്ധ് ഒരേസമയം പല സിനിമകളുടെ വർക്കുകളിലാണെന്നും കിങ്ഡം എന്ന സിനിമയുടെ സംഗീതം പൂർത്തിയാക്കിയിട്ടില്ലെന്നുമാണ് റിപ്പോർട്ട്. കിങ്ഡത്തിനായി ഇന്ത്യ മുഴുവൻ വിപുലമായ പ്രമോഷനുകൾ ആസൂത്രണം ചെയ്തിരിക്കുന്നതിനാൽ നിർമ്മാതാക്കൾ അൽപ്പം ആശങ്കാകുലരാണെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
വമ്പൻ കാൻവാസിൽ ഒരു ആക്ഷൻ ചിത്രമാണ് കിങ്ഡം. സിനിമയ്ക്കായി നടൻ നടത്തിയ കടുത്ത പരിശീലനങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 'ഐസ് ബാത്ത്' അടക്കമുള്ള പരിശീലനമാണ് വിജയ് സിനിമയ്ക്കായി ചെയ്തത്. വിജയ് ദേവരകൊണ്ട, ഭാഗ്യശ്രീ ബോർസ്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം. സിത്താര എന്റര്ടെയ്മെന്റും ഫോര്ച്യൂണ് 4 ഉം ചേര്ന്ന് നിര്മ്മിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് തിയേറ്ററുകളിലെത്തുക.
Content Highlights: Is Kingdom getting postponed