'മമ്മൂക്ക കാലില് ചായ ഗ്ലാസ് വച്ച് ബാലന്സ് ചെയ്യും’ നടി ഐശ്വര്യ മേനോന്റെ ഈ വാക്കുകളും പിന്നാലെ കാലിൽ കട്ടൻ ചായയുടെ ഗ്ലാസ് വെച്ചിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വെള്ള വസ്ത്രം ധരിച്ച് ചായ ഗ്ലാസ് കാലിൽ വെച്ച് വളരെ കൂൾ ആയി ഫോണിൽ നോക്കുന്ന മമ്മൂട്ടിയുടെ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇതിന് പിന്നാലെ താരത്തിന്റെ ഒരു പഴയ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നതിന് സമാനമായി മമ്മൂട്ടി തന്റെ കാലുകളിൽ ചായക്കപ്പ് വെച്ചുകൊണ്ട് ഇരിക്കുന്നതാണ് ചിത്രം. 'കാലിൽ ചായ ഗ്ലാസ് വെച്ച് സ്വാഗോടെയുള്ള ഇരുപ്പ് മമ്മൂക്ക പണ്ടേ ഇരുന്നിട്ടുള്ളതാണ്' എന്നാണ് ആരാധകർ പറയുന്നത്.
IKKA ☕️❤️ @mammukka | #Mammootty 𓃵 pic.twitter.com/R97zgDKXu8
അതേസമയം ബസൂക്ക എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന് ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസും ചേർന്നാണ്. ഒരു ക്രൈം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില് ഐശ്വര്യ മേനോന്, ദിവ്യ പിള്ള സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, സ്ഫടികം ജോർജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുതിര്ന്ന തിരക്കഥാകൃത്ത് കലൂര് ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്വഹിച്ചത് നിമിഷ് രവിയാണ്.
കളങ്കാവൽ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മമ്മൂട്ടിയുടെ തികച്ചും വ്യത്യസ്തമായ ഭാവം ഈ സിനിമയിൽ കാണുമെന്ന് ഉറപ്പ് നൽകുന്നതാണ് പോസ്റ്റർ. ദുൽഖർ സൽമാൻ ചിത്രം കുറുപ്പിന്റെ എഴുത്തുകാരനാണ് ജിതിൻ കെ ജോസ്. ജിതിന്റെ ആദ്യ സംവിധാന സംരംഭമാണിത്. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് കളങ്കാവല്. സുഷിന് ശ്യാം ആണ് സംഗീത സംവിധാനം. ഫൈസല് അലി ഛായാഗ്രഹണം.
Content Highlights: Mammootty old still viral in social media