തുടരുമിന് ക്ലാഷുമായി വരുന്നത് രണ്ട് സൂപ്പർ സ്റ്റാർ ചിത്രങ്ങൾ

റീ റിലീസുകൾ തരംഗമാകുന്ന കാലത്ത് മോഹൻലാലിന് മുന്നിൽ ഈ ചിത്രങ്ങൾ വാഴുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്

മോഹൻലാൽ, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'തുടരും'. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ഏപ്രിൽ 25 നാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്. സിനിമയ്ക്ക് ക്ലാഷുമായെത്തുന്നത് സൂപ്പർ സ്റ്റാറുകളുടെ രണ്ട് ചിത്രങ്ങളാണ്. 30 വർഷത്തിന് ശേഷം രജനികാന്ത് നായകനായ ബാഷയാണ് തുടരുമിന് ഒപ്പമെത്തുന്ന ഒരു ചിത്രം.

4K ഡോൾബി അറ്റ്മോസിന്റെ സഹായത്തോടെ പുത്തൻ സാങ്കേതിക മികവോടെയാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. 1995 ജനുവരി 12നാണ് ചിത്രം റിലീസ് ചെയ്‍തത്. നഗ്മയും പ്രധാന കഥാപാത്രമായ ചിത്രത്തില്‍ രഘുവരൻ, ജനഗരാജു, ദേവൻ, ശശികുമാര്‍, വിജയകുമാര്‍, ആനന്ദ്‍രാജ്, ചരണ്‍ രാജ്, കിട്ടി, സത്യപ്രിയ, യുവറാണി, അല്‍ഫോണ്‍സ, ഹേമലത, ദളപതി ദിനേശ് തുടങ്ങി വമ്പൻ താരനിര ഒന്നിച്ചിരുന്നു.

തുടരുമിനൊപ്പം എത്തുന്ന അടുത്ത ചിത്രം ആക്ഷൻ ഹീറോ ജയൻ നായകനായ, 46 വർഷങ്ങൾക്ക് ശേഷം വീണ്ടും റീ റിലീസ് ചെയ്യുന്ന ശരപഞ്ജരം ആണ്. 1979-ൽ ഹരിഹരന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ജയന്റെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കിയ സിനിമയായിരുന്നു. റീ റിലീസുകൾ തരംഗമാകുന്ന കാലത്ത് മോഹൻലാലിന് മുന്നിൽ ഈ ചിത്രങ്ങൾ വാഴുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Content Highlights: Two superstar films to be re-released along with Mohanlal's film

To advertise here,contact us