മലയാള സിനിമയ്ക്ക് അഭിമാനിക്കാം,ഇങ്ങനെ വെടിച്ചില്ല് കലാകാരന്മാരെ കിട്ടിയതിൽ;ARM വിഎഫ്എക്‌സ് വീഡിയോ പുറത്ത്

സലിം ലാഹിറിനെ പോലുള്ളവരെ കിട്ടിയത് മലയാളത്തിന്റെ അഭിമാനമെന്നും അഭിപ്രായമുണ്ട്

ടൊവിനോ തോമസിനെ നായകനാക്കി ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'. കഴിഞ്ഞ വർഷം ഓണത്തിന് എത്തിയ ചിത്രം മികച്ച വിജയമായിരുന്നു തിയേറ്ററിൽ നിന്ന് നേടിയത്. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിഎഫ്ക്സ് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ടൊവിനോ അവതരിപ്പിച്ച മണിയന്‍, അജയൻ എന്നീ കഥാപാത്രങ്ങളുടെ ക്ലൈമാക്സ് സീനുകളാണ് വീഡിയോയിൽ ഉൾപ്പെടുത്തിരിയിരിക്കുന്നത്. വിഎഫ്ക്സ് ടീമിനെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

മൈൻഡ്‌സ്റ്റൈൻ സ്റ്റുഡിയോസാണ് സിനിമയുടെ വിഎഫ്എക്സ് ഒരുക്കിയത്. സിനിമയിലെ പ്രധാന ഘടകമായ നരിമാളം വെള്ളച്ചാട്ടം നിർമിക്കുന്നത് ഉൾപ്പടെയുള്ള പ്രധാന വിഎഫ്എക്സ് രംഗങ്ങൾ വീഡിയോയിൽ അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്. അനിരുദ്ധ് കുമാർ, സലിം ലാഹിർ, ആൽബർട്ട് തോമസ്, അരുൺലാൽ എസ്പി, ആൻഡ്രൂ ഡിക്രൂസ്, വിശാഖ് ബാബു തുടങ്ങിയവരാണ് വിഎഫ്എക്സിന്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്.

അതേസമയം, മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യു .ജി.എം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്ന് നിർമിച്ച ചിത്രം നിർമിച്ചത്. ടൊവിനോയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണ് എആർഎം. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തിയത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ജോമോൻ ടി ജോൺ ആണ് എആർഎമ്മിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിർവഹിച്ചത് ഷമീർ മുഹമ്മദ്‌. തമിഴിൽ കന, ചിത്ത തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം.

Content Highlights: VFX video of the movie 'ARM' released

To advertise here,contact us