എആർഎം തായ്പേയിലും; കയ്യടി നേടി ടൊവിനോയും സംവിധായകൻ ജിതിൻലാലും

ചിത്രത്തിലെ നായകൻ ടൊവിനോയും സംവിധായകൻ ജിതിൻലാലും വലിയ കയ്യടി നേടി

ദ മോഷൻ പിക്ച‍ർ ഡെവലപ്മെ‍ന്റ് ഫൗണ്ടേഷൻ ആർഒസിയുടെ ഭാ​ഗമായി തായ്പേയ് ​ഗോൾഡൻ ഹോഴ്സ് ഫന്റാസ്റ്റഇക് ഫിലിം ഫെസ്റ്റിവലിൽ (ടിജിഎച്ച്എഫ്എഫ്) ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം (എആർഎം) പ്രദർശിപ്പിച്ചു. തായ്പേയിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമാണിത്. തായ്പേയിലെ ടൈറ്റാൻ തിയേറ്ററിൽ പ്രദർശിപ്പിച്ച ചിത്രം എല്ലാ പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ചു.

ചിത്രത്തിലെ നായകൻ ടൊവിനോയും സംവിധായകൻ ജിതിൻലാലും വലിയ കയ്യടി നേടി. ഇംഗ്ലീഷ്, ചൈനീസ് സബ്‌ടൈറ്റിലുകളുടെ സഹായത്തോടെയാണ് ചിത്രം പ്രദർശിപ്പിച്ചത്. ചിത്രത്തിലെ നർമ്മ മുഹൂർത്തങ്ങളും കേളു, മണിയൻ, അജയൻ തുടങ്ങിയ കഥാപാത്രങ്ങളുടെ വൈകാരിക മുഹൂർത്തങ്ങളും തായ്‌വാനീസ് പ്രേക്ഷകർ ഏറ്റെടുത്തു.

ടൊവിനോ, സുജിത് നമ്പ്യാർ, ദിബു നൈനാൻ, ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ജിതിൻ ലാൽ, സുരഭി ലക്ഷ്മി എന്നിവർക്കൊപ്പം മോഹൻലാലിന്റെ ശബ്ദവും തികഞ്ഞ ഹർഷാരവത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. തായ്‌വാനീസ് പ്രേക്ഷകർക്ക് നാടോടിക്കഥയുടെയും പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും സംഗീതത്തിന്റെയും പുതിയ കാഴ്ചാനുഭവങ്ങളാണ് ഈ സിനിമ നൽകിയത്.

ചൈനീസ്, കൊറിയൻ ഡ്രാമകളും ഇംഗ്ലീഷ് സിനിമകളും കൂടുതലായി കാണുന്ന, ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് ആണെന്ന് മാത്രം മനസിലാക്കിയ നിരവധി പ്രേക്ഷകർക്ക് മുൻപിലാണ് അജയന്റെ രണ്ടാം മോഷണം ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കാൻ എത്തിയത്.

Content Highlights: ARM movie screened in Taipei film festival 2025

To advertise here,contact us