'എന്റെ സഹോദരന് പണത്തിന്റെ കുറവുണ്ടെന്ന് തോന്നുണ്ടോ?'; കോപ്പിറൈറ്റ് വിവാദത്തിൽ ഗംഗൈ അമരന്‍

'കലയെയും കലാകാരനെയും ആളുകൾ ബഹുമാനിക്കണമെന്ന് മാത്രമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്'

അജിത്ത് കുമാര്‍ നായകനായി എത്തിയ ഗുഡ് ബാഡ് അഗ്ലി എന്ന സിനിമക്കെതിരെ സംഗീത സംവിധയകാൻ ഇളയരാജ നിയമനടപടി സ്വീകരിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. താൻ ഈണമിട്ട ഗാനങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ച് 5 കോടിയാണ് ഇളയരാജ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. പിന്നാലെ സംഗീത സംവിധായകനെതിരേ വലിയ തോതിൽ വിമർശനം സമൂഹ മാധ്യമങ്ങളിൽ നിന്നുണ്ടായി. ഇപ്പോൾ ഈ സംഭവത്തിൽ ഇളയരാജയുടെ സഹോദരൻ ഗംഗൈ അമരന്‍ നടത്തിയ പ്രതികരണം ശ്രദ്ധ നേടുകയാണ്.

പണം ആഗ്രഹിച്ചാണ് ഇളയരാജ നിയമനടപടി സ്വീകരിച്ചത് എന്ന് പലരും ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങളെ ഗംഗൈ അമരന്‍ തള്ളിക്കളയുകയാണ്. 'എന്റെ സഹോദരന് പണത്തിന്റെ കുറവുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അദ്ദേഹത്തിന് ആവശ്യത്തിലധികം പണമുണ്ട്. ഉള്ളത് ചെലവഴിക്കാൻ പോലും ഞങ്ങൾ പാടുപെടുകയാണ്. എന്റെ സഹോദരൻ യുക്തിയില്ലാത്ത ആളല്ല. കലയെയും കലാകാരനെയും ആളുകൾ ബഹുമാനിക്കണമെന്ന് മാത്രമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്,' എന്ന് ഗംഗൈ അമരനെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.

ഗുഡ് ബാഡ് അഗ്ലി എന്ന സിനിമയിൽ ഇളയരാജ ചിട്ടപ്പെടുത്തിയ ഒത്ത രൂപ തരേന്‍, എന്‍ ജോഡി മഞ്ഞക്കരുവി എന്നീ ഗാനങ്ങള്‍ ഉപയോഗിച്ചിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം നിയമനടപടി സ്വീകരിച്ചത്. എന്നാൽ സിനിമയിൽ ഉപയോഗിച്ച പാട്ടുകൾക്ക് ആവശ്യമായ എല്ലാ അനുമതിയും മ്യൂസിക് ലേബലുകളിൽ നിന്നും തങ്ങൾ വാങ്ങിയിട്ടുണ്ടെന്ന് സിനിമയുടെ നിർമാതാക്കളിൽ ഒരാളായ യലമഞ്ചിലി രവിശങ്കർ ഹിന്ദുസ്ഥാൻ ടൈംസിനോട് വ്യക്തമാക്കുകയും ചെയ്തിരുന്നു.

നേരത്തെയും നിരവധി സിനിമകളില്‍ താന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ അനുവാദം കൂടാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാണിച്ച് ഇളയരാജ രംഗത്തുവന്നിട്ടുണ്ട്. സ്‌റ്റേജ് ഷോകള്‍ക്കെതിരെയും അദ്ദേഹം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ഗാനങ്ങളുടെ പകര്‍പ്പവകാശമുള്ള സറ്റുഡിയോ,വ്യക്തികള്‍,നിര്‍മാണ കമ്പനികള്‍ എന്നിവരില്‍ നിന്നും അനുവാദം നേടിയതിന് ശേഷമാണ് മിക്ക സിനിമകളും ഇളയരാജയുടെ ഗാനം ഉപയോഗിക്കുന്നത് എന്ന് പല സന്ദര്‍ഭങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: Gangai Amaran comments on Ilaiyaraaja Versus Good Bad Ugly issue

To advertise here,contact us