'നയൻ‌താര ബ്രേക്ക് സമയത്ത് കാരവാനിലേക്ക് പോലും പോകില്ല'; വിവാദത്തിൽ സുന്ദർ സി

നയൻ‌താര വളരെ ഡെഡിക്കേറ്റഡ് ആയിട്ടുള്ള നടിയാണ്

മൂക്കുത്തി അമ്മൻ 2 വിന്റെ ചിത്രീകരണവേളയിൽ തർക്കങ്ങൾ സംഭവിച്ചുവെന്ന് അഭ്യൂഹങ്ങളിൽ പ്രതികരിച്ച് സംവിധായകൻ സുന്ദർ സി. എവിടെ നിന്നാണ് ഇത്തരമൊരു വാർത്ത പ്രചരിച്ചത് എന്ന് അറിയില്ല. നയൻ‌താര വളരെ അർപ്പണമനോഭാവമുള്ള നടിയാണ്. ചിത്രീകരണ ഇടവേളകളിൽ കാരവാനിൽ പോലും പോകാതെ ലൊക്കേഷനിൽ തന്നെ സമയം ചെലവഴിക്കുന്ന നടിയാണ് നയൻസ് എന്നും അദ്ദേഹം പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുന്ദർ സി.

'എങ്ങനെയാണ് അത്തരമൊരു വാർത്ത വന്നത് എന്ന് അറിയില്ല. പ്ലാൻ ചെയ്തത് പോലെ സിനിമയുടെ ഷൂട്ടിങ് മുന്നോട്ട് പോവുകയാണ്. നയൻ‌താര ഡെഡിക്കേറ്റഡ് ആയിട്ടുള്ള നടിയാണ്. ഷൂട്ടിങ്ങിനിടയിൽ ബ്രേക്ക് വരുമ്പോൾ കാരവാനിലേക്ക് പൊയ്ക്കോളൂ എന്ന് പറഞ്ഞാൽ 'വേണ്ട സാർ ഇവിടെ തന്നെ നിന്നോളം' എന്നായിരിക്കും നയൻതാരയുടെ മറുപടി. രാവിലെ വന്നാൽ പാക്കപ്പ് പറയുന്നത് വരെ ലൊക്കേഷനിൽ നിന്ന് പോകില്ല,' എന്ന് സുന്ദർ സി പറഞ്ഞു.

ഈ അടുത്താണ് ചില തർക്കങ്ങൾ മൂലം സിനിമയുടെ ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചതായുള്ള റിപ്പോർട്ടുകൾ വന്നത്. വേഷത്തെച്ചൊല്ലി സഹസംവിധായകനും നയന്‍താരയും തമ്മില്‍ സെറ്റില്‍ തര്‍ക്കമുണ്ടായെന്നും സഹസംവിധായകനെ നടി ശാസിച്ചുവെന്നും ഹിന്ദു തമിഴ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ സംഭവത്തിൽ ഇടപെട്ട സംവിധായകന്‍ സുന്ദര്‍ സി ഷൂട്ട് നിര്‍ത്തിവെച്ചുവെന്നുമായിരുന്നു റിപ്പോർട്ട്.

ഇതിനെതിരെ സംവിധായകന്റെ ഭാര്യയും നടിയുമായ ഖുശ്ബുവും രംഗത്ത് വന്നിരുന്നു. സിനിമയെക്കുറിച്ച് ഏറെ അനാവശ്യമായ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ സിനിമയുടെ ചിത്രീകരണം നല്ല രീതിയിൽ പോകുന്നുണ്ടെന്നായിരുന്നു ഖുശ്ബു പറഞ്ഞത്.

Content HIghlights: Sundar C talks about Mookuthi Amman 2 issues

To advertise here,contact us