സീരിയസ് സംസാരത്തിൽ കോമഡി സ്റ്റിക്കറുകൾ, ശോഭനയുടെ വാട്ട്സ്ആപ്പ് സ്റ്റിക്കറുകളെക്കുറിച്ച് തരുൺ മൂർത്തി

'ഞാനും നിങ്ങളെപ്പോലെയാണ് എന്ന് പറയാതെ പറയുകയാണ് ശോഭന മാം ആ സ്റ്റിക്കറുകളിലൂടെ'

മോഹൻലാൽ - ശോഭന കോമ്പോയിൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തുടരും'. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഹിറ്റ് കോമ്പോ വീണ്ടും എത്തുന്നതിനാൽ ആവേശത്തിലാണ് ആരാധകർ. ഇപ്പോഴിതാ ശോഭനയെക്കുറിച്ച് പറയുകയാണ് തരുൺ മൂർത്തി. ശോഭനയുമായി നടത്തുന്ന സംഭാഷണങ്ങൾക്ക് അവർ നൽകുന്ന മറുപടികൾ സ്റ്റിക്കറിലൂടെയാണെന്നും, ചില സീരിയസ് സംസാരത്തിൽ കോമഡി സ്റ്റിക്കറുകൾ ശോഭന നൽകുമെന്നും തരുൺ പറഞ്ഞു. ശോഭന അയക്കുന്ന സ്റ്റിക്കറുകൾ കാണുമ്പോൾ അതിശയം തോന്നുമെന്നും തരുൺ കൂട്ടിച്ചേർത്തു. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘നമുക്ക് വിശ്വസിക്കാന്‍ പറ്റുമോ, ശോഭന മാമിന്റെ കൈയിലുള്ള വാട്‌സാപ്പ് സ്റ്റിക്കറുകളെപ്പറ്റി. സിനിമയെക്കുറിച്ച് ഞാന്‍ ശോഭന മാമിന് മെസ്സേജയക്കാറുണ്ടായിരുന്നു. ‘ഇങ്ങനെയാണ് ക്യാരക്ടറിന്റെ ലുക്ക്, ഈ രീതിയില്‍ നമുക്ക് ക്യാരക്ടര്‍ പിടിക്കാം’ എന്നൊക്കെ നല്ല റെസ്‌പെക്ടോടെ മെസ്സേജ് അയക്കുമ്പോള്‍ ചാന്തുപൊട്ടിലെ ദിലീപ് ‘ഓക്കേ’ എന്ന് പറയുന്ന സ്റ്റിക്കര്‍ അയച്ചുതരും.

അങ്ങനെയുള്ള ഒരുപാട് സ്റ്റിക്കര്‍ മാമിന്റെ കൈയിലുണ്ട്. അത് നമുക്ക് വിശ്വസിക്കാനേ പറ്റില്ല. ഞാനും നിങ്ങളെപ്പോലെയാണ് എന്ന് പറയാതെ പറയുകയാണ് ശോഭന മാം ആ സ്റ്റിക്കറുകളിലൂടെ. സെറ്റിലും അവര്‍ ടൈം മാനേജ്‌മെന്റിന്റെ കാര്യത്തില്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഷൂട്ടിന്റെ ബ്രേക്കില്‍ ഡാന്‍സ് പരിപാടി ചാര്‍ട്ട് ചെയ്യുമായിരുന്നു. വേറൊരു കാര്യങ്ങളിലും മാം ഇന്‍വോള്‍വ് ആകാറില്ല,’ തരുണ്‍ മൂര്‍ത്തി പറയുന്നു.

2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് മോഹൻലാലും ശോഭനയും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. അതേസമയം, ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നർമ്മ മുഹൂർത്തങ്ങളും നിറയെ ഫാമിലി ഇമോഷൻസിനും ഒപ്പം അല്പം നിഗൂഢതയും ബാക്കിവെച്ചാണ് സിനിമയുടെ ഇതുവരെയുള്ള അപ്ഡേറ്റുകൾ പുറത്തുവിട്ടിരിക്കുന്നത്.

Content HIghlights:  tharun moorthy talks about Shobhana's WhatsApp stickers

To advertise here,contact us