ഒടിടിയിലെത്താൻ മണിക്കൂറുകൾ മാത്രം; വീര ധീര സൂരൻ തിയേറ്ററിൽ നിന്ന് നേടിയത് എത്ര? ടോട്ടൽ കളക്ഷൻ

'ചിത്താ' എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്ത സിനിമയാണിത്

ചിയാൻ വിക്രം നായകായെത്തിയ ആക്ഷൻ ചിത്രമാണ് 'വീര ധീര സൂരൻ'. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ സിനിമ ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഈ വേളയിൽ സിനിമയുടെ ടോട്ടൽ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.

സിനിമ ആഗോളതലത്തിൽ 65 കോടിയിലധികം രൂപ നേടിയതായാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ 42.5 കോടി ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്നുള്ള കളക്ഷനാണ്. വിക്രമിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കളക്ഷനുകളിൽ ഒന്നാണ് സിനിമയുടേത്.

ചിത്രം ഇന്ന് അർധരാത്രി മുതൽ ആമസോൺ പ്രൈമിലൂടെ സ്ട്രീം ചെയ്യും. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. 'ചിത്താ' എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്ത സിനിമയാണിത്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ പാർട്ട് 2 ആണ് ഇപ്പോൾ റിലീസ് ചെയ്തത്. 'മല്ലിക കടൈ' എന്നാണ് ഈ രണ്ടാമത്തെ ചാപ്റ്ററിന്റെ പേര്.

തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകൻ തേനി ഈശ്വറാണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിച്ചത്. പേരൻപ്, കർണ്ണൻ, മാമന്നൻ തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും പുഴു, നൻപകൽ നേരത്ത് മയക്കം, ഓസ്ലർ തുടങ്ങിയ മലയാള സിനിമകളുടെയും ഛായാഗ്രഹണം നിർവഹിച്ചത് തേനി ഈശ്വറായിരുന്നു. ദുഷാര വിജയനാണ് സിനിമയിൽ നായികാ വേഷത്തിലെത്തുന്നത്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.

Content Highlights: Veera Dheera Sooran total collection report

To advertise here,contact us