വീണ്ടും സൂര്യയുടെ ജോഡിയായി കീർത്തി; വെങ്കി അറ്റ്ലൂരിയുടെ പുതിയ ചിത്രം ഒരുങ്ങുന്നു?

വെങ്കി അറ്റ്ലൂരി ചിത്രത്തിൽ ഭാഗ്യശ്രീ ബോർസേയും ഭാഗമാകുമെന്ന റിപ്പോർട്ടുകളുണ്ട്

ലക്കി ഭാസ്കർ എന്ന സിനിമയിലൂടെ തെന്നിന്ത്യ മുഴുവൻ വെങ്കി അറ്റ്ലൂരി എന്ന സംവിധായകൻ ശ്രദ്ധ നേടിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ അടുത്ത ചിത്രം തമിഴ് നടൻ സൂര്യക്കൊപ്പമായിരിക്കും എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഇപ്പോൾ ആ സിനിമയുമായി ബന്ധപ്പെട്ട് പുതിയ റിപ്പോർട്ടുകൾ എത്തിയിരിക്കുകയാണ്.

ചിത്രത്തിൽ കീർത്തി സുരേഷ് നായികയാകുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ഇത് സൂര്യക്കൊപ്പമുള്ള കീർത്തിയുടെ രണ്ടാമത്തെ ചിത്രമായിരിക്കും. നേരത്തെ താനാ സേർന്ത കൂട്ടം എന്ന സിനിമയിലായിരുന്നു കീർത്തി സൂര്യക്കൊപ്പം അഭിനയിച്ചത്.

വെങ്കി അറ്റ്ലൂരി ചിത്രത്തിൽ ഭാഗ്യശ്രീ ബോർസേയും ഭാഗമാകുമെന്ന റിപ്പോർട്ടുകളുണ്ട്. കീർത്തി കൂടി സിനിമയുടെ ഭാഗമാകുമെന്ന റിപ്പോർട്ടുകൾ വരുന്നതോടെ ഈ ചിത്രത്തിൽ രണ്ട് നായികമാരുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

വെങ്കി അറ്റ്ലൂരിയുടെ മുൻചിത്രമായ ലക്കി ഭാസ്കർ കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു റിലീസ് ചെയ്തത്. ചിത്രം 100 കോടിയിലധികം നേടി വലിയ വിജയമായി മാറിയിരുന്നു. ദുൽഖർ സൽമാൻ നായകനായ സിനിമയിൽ മീനാക്ഷി ചൗധരിയായിരുന്നു നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ചിത്രം നിർമിച്ചത്.

Content Highlights: Keerthy Suresh to romance Suriya in Venky Atluri's next

To advertise here,contact us