'ഇതാ ഒരു മോഹൻലാൽ ഫാൻ ബോയ് മൊമെന്റ്'; തുടരും ആദ്യ ഷോ കാണാനെത്തി ഉണ്ണി മുകുന്ദൻ

ആദ്യ പകുതി കഴിയുമ്പോൾ മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം തുടരും പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ഇന്ന് പകൽ 10 മണിക്കാണ് സിനിമയുടെ ആദ്യ ഷോകൾ ആരംഭിച്ചത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ആദ്യ ഷോ കാണുന്നതിന് നടൻ ഉണ്ണി മുകുന്ദനും എത്തിയിട്ടുണ്ട്.

തുടരും പ്രദർശിപ്പിക്കുന്ന തിയേറ്ററിന് മുന്നിൽ ആരാധകർക്കൊപ്പം സെൽഫി എടുക്കുന്ന നടന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. പല മോഹൻലാൽ ആരാധകരും ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. 'ഇതാ ഒരു മോഹൻലാൽ ഫാൻ ബോയ് മൊമെന്റ്' എന്ന ക്യാപ്‌ഷനോടെയാണ് ഒരു ആരാധകൻ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Fan boy is here😍❤️#Thudarum #Mohanlal pic.twitter.com/9TR9G3jvqo

അതേസമയം ആദ്യ പകുതി കഴിയുമ്പോൾ മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇന്റർവെലിന് ശേഷമുള്ള ബാക്കി പകുതി കാണാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയുടെ റിപ്പോർട്ടുകൾ. സിനിമയുടെ ടൈറ്റിൽ കാർഡ് മുതൽ ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് വരെ എല്ലാം മികച്ച അഭിപ്രായമാണ് സ്വന്തമാക്കുന്നത്. സിനിമ സൂപ്പർ ഹിറ്റാകുമെന്ന പ്രതീക്ഷയും ആരാധകർ പങ്കുവെക്കുന്നുണ്ട്. മോഹൻലാൽ വിജയം തുടരുകയാണെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയ്ക്ക് ഒപ്പമെത്തിയ കോമ്പിനേഷനും പ്രശംസ നേടുന്നുണ്ട്.

ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്.

Content Highlights: Unni Mukundan shows support for Mohanlal’s Thudarum FDFS

To advertise here,contact us