
തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ 'തുടരും' സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷം തിയേറ്ററുകളിൽ സിനിമാസ്വാദകരുടെ ഒഴുക്കാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയിൽ അവസരം നൽകിയതിന് സംവിധായകൻ തരുൺ മൂർത്തിക്ക് നന്ദി അറിയിക്കുകയാണ് എഡിറ്റർ ഷഫീഖ് വി ബി. എഡിറ്റർ നിഷാദ് യൂസഫിന്റെ വിയോഗത്തെ തുടർന്നായിരുന്നു ചിത്രത്തിൽ ഷഫീഖ് വി ബി എത്തിയിരുന്നത്. ചിത്രത്തിന്റെ എഡിറ്റിങ് ഘട്ടത്തിൽ തരുൺ നൽകിയ ഊർജം വളരെ വലുതായിരുന്നുവെന്ന് ഷഫീഖ് പറയുന്നു. ഒരു അനുജനെ പോലെ പല ഘട്ടത്തിലും തന്നെ ചേർത്ത് നിർത്തിയതിന്, തന്റെ 13 വർഷത്തെ കാത്തിരിപ്പ് സഫലമാക്കിയതിന് നന്ദിയുണ്ടെന്നും ഷഫീഖ് വി ബി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
'ചേട്ടനോട് എന്താ പറയേണ്ടത് എന്ന് എനിക്കറിയില്ല. ഈ സിനിമയുടെ ഏറ്റവും വലിയൊരു വിഷമഘട്ടത്തിൽ ചേട്ടനെടുത്ത വലിയൊരു തീരുമാനം എനിക്ക് നൽകിയത് എന്റെ 13 വർഷത്തെ കാത്തിരിപ്പിനുള്ള ഉത്തരമാണ്. ജൂനിയർ ആർട്ടിസ്റ്റ് , അസിസ്റ്റന്റ് ഡയറക്ടർ , അസിസ്റ്റന്റ് എഡിറ്റർ, ഓൺലൈൻ എഡിറ്റർ, ഫിലിം എഡിറ്റർ ഇങ്ങനെയുള്ള എന്റെ ജീവിത യാത്രയിൽ, കഴിഞ്ഞ ദീപാവലി അന്ന് വൈകിട്ട് ചേട്ടൻ എനിക്ക് തന്ന അവസരം.
എന്റെ ജീവിതത്തിൽ അത്രയും വലിയൊരു സന്തോഷ നിമിഷം അതിന് മുൻപ് ഉണ്ടായിട്ടില്ല. സിനിമയുടെ എഡിറ്റിങ്ങിന്റെ ഓരോ ഘട്ടത്തിലും ചേട്ടൻ എനിക്ക് നൽകിയ ഊർജം വളരെ വളരെ വലുതായിരുന്നു. ഒരു അനുജനെ പോലെ പല ഘട്ടത്തിലും എന്നെ ചേർത്ത് നിർത്തി ഈ യാത്രയിൽ കൂടെ കൂട്ടിയതിന് എന്നെ വിശ്വസിച്ചതിന് നന്ദി എന്റെ പ്രിയപ്പെട്ട തരുൺ ചേട്ടന്,' ഷഫീഖ് വി ബി കുറിച്ചു.
Content Highlights: The film's editor Shafiq VB thanks to Tharun Moorthy