ഹൈപ്പൊക്കെ എന്തിനാ, മോഹൻലാൽ പടമല്ലേ, ആളുകയറില്ലേ..;തുടരും ഫസ്റ്റ് ഡേ കളക്ഷൻ റിപ്പോർട്ട്

ജനപ്രീതി കണക്കിലെടുക്കുമ്പോള്‍ വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ കുത്തനെ ഉയരാനാണ് സാധ്യത

തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ 'തുടരും' തിയേറ്ററിൽ മികച്ച അഭിപ്രായം നേടുകയാണ്. പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച മോഹൻലാൽ എന്ന നടന്റെ പ്രകടനം തിരികെ കിട്ടിയെന്ന സന്തോഷമാണ് ആരാധകർ പങ്കുവെക്കുന്നത്. ഫസ്റ്റ് ഷോ കഴിഞ്ഞത് മുതല്‍ സിനിമയുടെ ടിക്കറ്റ് വില്പനയിൽ വലിയ കുതിപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ഫസ്റ്റ് ഡേ കളക്ഷൻ റിപ്പോർട്ടാണ് പുറത്തുവരുന്നത്. ആഗോളതലത്തിൽ ചിത്രം 11 കോടി കളക്ഷൻ നേടിയതായാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്.

കേരളത്തിൽ നിന്നും ചിത്രം 5.25 കോടിയാണ് നേടിയിരിക്കുന്നത്. സിനിമയുടെ ഓവർസീസ് കളക്ഷൻ റിപ്പോർട്ട് 5 കോടിയും ഇന്ത്യാ ഗ്രോസ് കളക്ഷൻ 6.10 കോടിയുമാണ്. ജനപ്രീതി കണക്കിലെടുക്കുമ്പോള്‍ വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ കുത്തനെ ഉയരാനാണ് സാധ്യത. ചിത്രത്തിന് ഓരോ മണിക്കൂറിലും വലിയ കുതിപ്പാണ് ടിക്കറ്റ് വില്പനയിൽ ഉണ്ടാക്കാൻ സാധിക്കുന്നത്.

പല തിയേറ്ററുകളിലും ചിത്രത്തിനായി അഡിഷണൽ ഷോകൾ സംഘടിപ്പിക്കുന്നുണ്ട്. എമ്പുരാൻ സിനിമയുടെ ടിക്കറ്റ് വിൽപ്പനയിലെ റെക്കോർഡുകൾ തുടരും തിരിത്തിയിട്ടുണ്ട്. പ്രദർശനത്തിനെത്തി ആദ്യ മണിക്കൂറുകളിൽ 30K-യിലധികം ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെ ചിത്രം വിറ്റഴിച്ചെന്നാണ് റിപ്പോർട്ട്. ഇത് റീലിസിന് ശേഷം എമ്പുരാൻ വിറ്റഴിച്ച ടിക്കറ്റിനേക്കാൾ അധികമാണ്.

ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.

Content Highlights:Thudarum movie first day collection report

To advertise here,contact us