മോഹൻലാൽ സ്വയം ട്രോളുകയാണ്, 'വെട്ടിയിട്ട വാഴത്തണ്ട്' അദ്ദേഹത്തിന്റെ സജഷൻ: ബിനു പപ്പു

'സ്വയം ട്രോളാൻ അദ്ദേഹത്തെപ്പോലൊരു നടൻ തയ്യാറാകുന്നത് വലിയ കാര്യമാണ്'

തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ 'തുടരും' തിയേറ്ററിൽ മികച്ച അഭിപ്രായം നേടുകയാണ്. പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച മോഹൻലാൽ എന്ന നടന്റെ പ്രകടനം തിരികെ കിട്ടിയെന്ന സന്തോഷമാണ് ആരാധകർ പങ്കുവെക്കുന്നത്. സിനിമയിൽ ആരാധകരെ പൊട്ടിച്ചിരിപ്പിച്ച ഒന്നായിരുന്നു മോഹൻലാലിൻറെ സെൽഫ് ട്രോൾ ഡയലോഗുകൾ. വെട്ടിയിട്ട വാഴത്തണ്ട് പോലെയെന്ന ഡയലോഗ് മോഹൻലാൽ തന്നെ സജസ്റ്റ് ചെയ്തതാണെന്ന് പറയുകയാണ് നടനും സിനിമയുടെ കോ ഡയറക്ടറുമായ ബിനു പപ്പു. കൗമുദി മൂവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

'ഈ പടത്തിൽ ശോഭന മാമിനെക്കൊണ്ട് 'കഞ്ഞി എടുക്കട്ടേ' എന്ന് ചോദിപ്പിച്ചത് തരുണിന്റെ ഐഡിയ ആയിരുന്നു. ഒരു ട്രോൾ പോലെയാകുമല്ലോ എന്ന ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലാൽ സാർ ഇത് എങ്ങനെ എടുക്കുമെന്ന ടെൻഷൻ ഉണ്ടായിരുന്നു. സ്ക്രിപ്റ്റ് വായിച്ചപ്പോൾ ആഹാ ഇത് കൊള്ളാമല്ലോ എന്നാണ് ലാലേട്ടൻ പറഞ്ഞത്. കുഴപ്പമില്ലെന്ന് കണ്ടപ്പോൾ എനിക്കും തരുണിനും ആശ്വാസമായി.

അപ്പോഴാണ് ലാലേട്ടൻ മോനെ നമ്മുക്ക് ആ 'വെട്ടിയിട്ട വാഴത്തണ്ട്' ഡയലോഗ് കൂടെ ചേർത്താലോ, ഈ ക്യാരക്ടർ കിടക്കുകയല്ലേ, നന്നായിരിക്കും എന്ന് പറഞ്ഞത്. ഞങ്ങൾ അത് തീരെ പ്രതീക്ഷിച്ചില്ല. സംഗതി പുള്ളി സ്വയം ട്രോളുകയാണ്. അതിൽ ഫൺ ഉള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത്. സ്വയം ട്രോളാൻ അദ്ദേഹത്തെപ്പോലൊരു നടൻ തയ്യാറാകുന്നത് വലിയ കാര്യമാണ്,'ബിനു പപ്പു പറഞ്ഞു.

Binu Pappu about the self trolls in Thudarum 😅❤️"വെട്ടിയിട്ട വാഴത്തണ്ട് " was Lalettan's Suggestion 🤣👌❤️ pic.twitter.com/V8Swv4AKQO

അതേസമയം, വമ്പന്‍ ഹൈപ്പിലും വലിയ ബജറ്റിലും പാന്‍ ഇന്ത്യന്‍ പ്രമോഷനുമായി എത്തിയ എമ്പുരാന്റെ റെക്കോര്‍ഡ് തകര്‍ത്താണ് തുടരും മലയാള സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം എല്ലാ കോണുകളില്‍ നിന്നും പോസിറ്റീവ് പ്രതികരണങ്ങള്‍ നേടിയതോടെ വലിയ കുതിപ്പാണ് തിയേറ്ററില്‍ നടത്തുന്നത്. കേരളത്തിലെ തിയേറ്ററുകളിലെല്ലാം ബുക്കിംഗ് കൊടുങ്കാറ്റ് വീശിയിരിക്കുകയാണ് എന്ന് തന്നെ പറയാം. പ്രധാന നഗരങ്ങളിലെ ഭൂരിഭാഗം തിയേറ്ററുകളും വാരാന്ത്യത്തിലേക്ക് ഇപ്പോഴേ ഹൗസ് ഫുള്ളായി കഴിഞ്ഞു. കെ ആര്‍ സുനിലിന്റെ കഥയും തരുണ്‍ മൂര്‍ത്തിയോടൊപ്പം ചേര്‍ന്ന് അദ്ദേഹം രചിച്ച തിരക്കഥയും സിനിമയുടെ മേക്കിങ്ങും കഥാപാത്രസൃഷ്ടിയും പെര്‍ഫോമന്‍സുകളും സംഗീതവും തുടങ്ങി സിനിമയുടെ എല്ലാ ഘടകങ്ങള്‍ക്കും വലിയ കയ്യടിയാണ് നേടുന്നത്.

ഷണ്‍മുഖന്‍ എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ ശോഭന, പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഷാജി കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്.

Content Highlights: Binu Pappu says Mohanlal is trolling himself

To advertise here,contact us