'ഡ്രാഗൺ' നായിക ഇനി ചിമ്പുവിനൊപ്പം; എസ് ടി ആർ 49 ൽ കയാദു ലോഹറും

'പാർക്കിംഗ്' എന്ന സിനിമയിലൂടെ പ്രേക്ഷശ്രദ്ധ നേടിയ സംവിധായകൻ രാംകുമാർ ബാലകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്

ഡ്രാഗൺ എന്ന സിനിമയുടെ റിലീസിന് പിന്നാലെ തെന്നിന്ത്യ മുഴുവൻ ശ്രദ്ധ നേടിയ നടിയാണ് കയാദു ലോഹർ. ചിത്രത്തിൽ പല്ലവി എന്ന കഥാപാത്രത്തെയാണ് കയാദു അവതരിപ്പിച്ചത്. ഇപ്പോൾ സിലമ്പരസൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഭാഗമാവുകയാണ് കയാദു. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.

Welcoming the leading lady of #STR49 - @11Lohar ❤️Elated to have her onboard the project🩷More updates on the way🧨🔥@SilambarasanTR_ @AakashBaskaran @ImRamkumar_B @SaiAbhyankkar pic.twitter.com/1n73KqXTMF

'പാർക്കിംഗ്' എന്ന സിനിമയിലൂടെ പ്രേക്ഷശ്രദ്ധ നേടിയ സംവിധായകൻ രാംകുമാർ ബാലകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'എസ്ടിആർ 49' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ അന്നൗൺസ്‌മെന്റ് പോസ്റ്റർ ഈ അടുത്താണ് പുറത്തുവിട്ടത്. ഒരു ബുക്കിനുള്ളിൽ രക്തം പുരണ്ട കത്തിയുമായി പിന്തിരിഞ്ഞു നിൽക്കുന്ന ചിമ്പുവുവിനെയാണ് പോസ്റ്ററിൽ കാണാനാകുന്നത്. ചിത്രത്തിൽ സിലമ്പരശൻ ഒരു വിദ്യാർത്ഥി ആയിട്ടാണ് എത്തുന്നതെന്നാണ് സൂചന. 'ദി മോസ്റ്റ് വാണ്ടഡ് സ്റ്റുഡൻ്റ്' എന്നാണ് സിനിമയുടെ ടാഗ്ലൈൻ. ചിത്രം ഈ വർഷം തിയേറ്ററിലെത്തും. ഡൗൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ ആകാശ് ഭാസ്കരൻ ആണ് സിനിമ നിർമിക്കുന്നത്.

2021 ൽ കന്നഡ ചിത്രമായ മുഗിൽപേട്ടിലൂടെയാണ് കയാദു അഭിനയരംഗത്തേക്ക് എത്തുന്നത്. ചിത്രത്തിൽ അപൂർവ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. എന്നാൽ മലയാള സിനിമയായ പത്തൊൻപതാം നൂറ്റാണ്ടിലൂടെയാണ് നടിക്ക് വലിയ രീതിയിൽ പ്രേക്ഷശ്രദ്ധ ലഭിക്കുന്നത്. ചിത്രത്തിൽ നങ്ങേലി എന്ന കഥാപാത്രത്തെയാണ് കയാദു ലോഹർ അവതരിപ്പിച്ചത്.

വിനയൻ സംവിധാനം ചെയ്ത ചിത്രം ഒരു പീരീഡ് ആക്ഷൻ ഡ്രാമയായിട്ടാണ് ഒരുങ്ങിയത്. ചിത്രത്തിലെ കയാദു ലോഹറിന്റെ പ്രകടനം നിറയെ കൈയടികൾ നേടിയിരുന്നു. എം മോഹനൻ സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ഒരു ജാതി ജാതകം എന്ന സിനിമയിലും കയാദു അഭിനയിച്ചിരുന്നു. പായൽ എന്ന കഥാപാത്രത്തെയാണ് നടി സിനിമയിൽ അവതരിപ്പിച്ചത്. ചിത്രം മാർച്ച് 14 ന് മനോരമ മാക്സിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും.

Content Highlights: Kayadu Lohar to be the part of STR 49

To advertise here,contact us