സംവിധായകനും ടെലിവിഷൻ അവതാരകനുമായ സാജിദ് ഖാനെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി നടി നവീന ബോലെ. തന്നെ സംവിധായകൻ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും മോശമായി പെരുമാറുകയും ചെയ്തു എന്നാണ് നടി പറയുന്നത്. 2007-ല് പുറത്തിറങ്ങിയ 'ഹേ ബേബി' എന്ന ബോളിവുഡ് ചിത്രത്തിന്റെ കാസ്റ്റിങ്ങിനിടെയാണ് സാജിദ് ഖാൻ മോശമായി പെരുമാറിയതെന്ന് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിൽ നവീന ബോലെ പറഞ്ഞു.
'എന്റെ ജീവിതത്തിൽ ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത ഒരു മനുഷ്യനാണ് സാജിദ് ഖാൻ. അയാൾ എന്നെ വിളിച്ചപ്പോൾ ഞാൻ വളരെ ആവേശത്തിലായിരുന്നു. എന്നാൽ എന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി അടിവസ്ത്രം മാത്രം ധരിച്ചിരിക്കാന് അയാൾ ആവശ്യപ്പെട്ടു,' എന്ന് നവീന ബോലെ പറഞ്ഞു.
ഒരു വർഷത്തിനുശേഷം മിസിസ് ഇന്ത്യയിൽ പങ്കെടുക്കുന്നതിനിടയിൽ സാജിദ് വീണ്ടും തന്നെ ബന്ധപ്പെട്ടുവെന്നും നവീന വെളിപ്പെടുത്തി. ഒരു വേഷത്തിനായി തന്നെ വന്നു കാണുവാൻ അയാൾ ആവശ്യപ്പെട്ടു. ഒരുപാട് സ്ത്രീകളോട് മോശമായി പെരുമാറുന്നതുകൊണ്ട് തന്നെ ഒരുവര്ഷം മുമ്പ് വിളിച്ചത് അയാൾക്ക് ഓർമ്മയുണ്ടാകില്ല എന്നും നടി പറഞ്ഞു.
2018 ൽ ഇന്ത്യയിലെ മീറ്റൂ മൂവ്മെന്റിന്റെ ഭാഗമായി സാജിദ് ഖാനെതിരെ നിരവധിപ്പേർ രംഗത്ത് വന്നിരുന്നു. അന്ന് അഭിനേതാക്കളും മാധ്യമപ്രവർത്തകരും മോഡലുകളുമെല്ലാം സാജിദ് ഖാനെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ അന്ന് ഏറെ ചർച്ചയായിരുന്നു.
Content Highlights: Navina Bole accuses Sajid Khan of misconduct