ലാലേട്ടൻ ഒറ്റയാൻ, ജോർജ് സാർ പാമ്പ്, കൃത്യമായ ഷേഡ് നൽകാനാണ് തരുൺ ആവശ്യപ്പെട്ടത്; ജേക്സ് ബിജോയ്

'പുള്ളി വരുന്ന സീനൊക്കെ നോക്കിയാൽ ഒരു റാറ്റ് സ്നേക്ക് പോകുന്ന ശബ്ദം കേൾക്കാം'

തരുൺ മൂർത്തി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 'തുടരും' ഗംഭീര അഭിപ്രായങ്ങൾ നേടി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. സിനിമ 50 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്. സിനിമയിൽ പ്രേക്ഷകർ എടുത്തു പറഞ്ഞിരുന്ന ഒരു ഘടകം ജേക്സ് ബിജോയുടെ സംഗീതമായിരുന്നു. സിനിമയിലെ ഓരോ കഥാപാത്രത്തിനും കൃത്യമായി എങ്ങനെ സംഗീതം നൽകണമെന്ന പ്ലാൻ തരുണിന് ഉണ്ടായിരുന്നുവെന്ന് പറയുകയാണ് ജേക്സ് ബിജോയ്. മോഹൻലാലിന്റെ കഥാപാത്രം ഒറ്റക്കൊമ്പനും പ്രകാശ് വർമയുടേത് പാമ്പും ബിനുവിന്റെ കുറുക്കനുമാണെന്ന നരേഷൻ തരുൺ തന്നിരുന്നുവെന്നും ജേക്സ് പറഞ്ഞു. റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഈ പടത്തിലെ ഓരോ സീനിലും മ്യൂസിക് എങ്ങനെ ആയിരിക്കണമെന്ന കാര്യത്തിൽ തരുണിന് ആദ്യമേ ഒരു പ്ലാൻ ഉണ്ടായിരുന്നു. അതനുസരിച്ചാണ് മ്യൂസിക് ഡിസൈൻ ചെയ്തത്. അതുപോലെ ഓരോ കഥാപാത്രത്തിനും ഒരു മെറ്റഫർ തരുണിന്റെ മനസിൽ ഉണ്ടായിരുന്നു. അത് എങ്ങനെ ആണെന്നതിന്റെ ഒരു പി ഡി എഫ് തരുൺ എനിക്ക് അയച്ചു തന്നു.

ലാലേട്ടന് ഒറ്റയാന്റെ ഷെയ്ഡ് ആണ് തരുണിന്റെ മനസ്സിൽ ഉണ്ടായിരുന്നത്. ജോർജ് സാർ എന്ന ക്യാരക്ടർ ഒരു പാമ്പിനെപോലെയാണ്, പുള്ളി വരുന്ന സീനൊക്കെ നോക്കിയാൽ ഒരു റാറ്റ് സ്നേക്ക്

പോകുന്ന ശബ്ദം കേൾക്കാം. ഒരു കഥാപാത്രത്തിന് വേണ്ടി വയലിൻ വെച്ച് ഒരു പരിപാടി വെച്ചിരുന്നു. അത് മാറ്റിയിട്ട് സർപ്പ പാട്ട് വെക്കാൻ തരുൺ ആവശ്യപ്പെട്ടു. ബിനു പപ്പുവിന്റെ കഥാപാത്രം ഒരു കുറുക്കനെപ്പോലെയാണ്, അതും ആ സിനിമയിൽ കൊടുത്തിട്ടുണ്ട്,' ജേക്സ് ബിജോയ് പറഞ്ഞു.

റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ടാണ് തുടരും 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നത്. ഇതോടെ അതിവേഗ 50 കോടി ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്തേക്ക് ചിത്രം എത്തിയിരിക്കുകയാണ്. മോഹൻലാൽ നായകനായ എമ്പുരാൻ എന്ന ചിത്രമാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ആദ്യ ദിനത്തിൽ മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപ നേടിയതായാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനപ്രീതി കണക്കിലെടുക്കുമ്പോള്‍ വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ കുത്തനെ ഉയരാനാണ് സാധ്യത.

ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.

Content Highlights: Jakes Bejoy says that there is diferent music pattern for each character in the movie thudarum

To advertise here,contact us