37-ാം വിവാഹ വാർഷികത്തിൽ ഭാര്യ സുചിത്രയ്ക്കൊപ്പമുള്ള പോസ്റ്റുമായി മോഹൻലാൽ. സുചിത്രയ്ക്ക് ചുംബനം നൽകുന്ന ചിത്രം പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റില് 'എന്നും നിന്നോട് കടപ്പെട്ടിരിക്കുന്നു, എന്നും നിന്റേത്' എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്നിരിക്കുന്നത്.
അന്തരിച്ച തമിഴ് നടനും നിർമ്മാതാവുമായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. 1988 ഏപ്രിൽ 28-നാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ മോഹൻലാലിന്റെ അഭിനയം കണ്ടത് മുതൽ തനിക്ക് അദ്ദേഹത്തിനോട് ഇഷ്ടം തോന്നിയിരുന്നവെന്നും മോഹൻലാലിന് ആ സമയത്ത് സ്ഥിരമായി കാർഡുകൾ അയക്കാറുണ്ടായിരുന്നുവെന്നും സുചിത്ര ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
മോഹൻലാലിന്റെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം തരുൺ മൂർത്തി സംവിധാനത്തിൽ എത്തിയ 'തുടരും' ആണ്. മികച്ച പ്രതികരണങ്ങൾ നേടി ചിത്രം തിയേറ്ററിൽ കുതിക്കുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് തുടരും 50 കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ട്. ഇതോടെ അതിവേഗ 50 കോടി ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്തേക്ക് ചിത്രം എത്തിയിരിക്കുകയാണ്. മോഹൻലാൽ നായകനായ എമ്പുരാൻ എന്ന ചിത്രമാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ആദ്യ ദിനത്തിൽ മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപ നേടിയതായാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനപ്രീതി കണക്കിലെടുക്കുമ്പോള് വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ കുത്തനെ ഉയരാനാണ് സാധ്യത.
ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.
Content Highlights: Mohanlal's post on his wedding anniversary goes viral