നിഷാദ് അത് ഉള്ളിൽ തട്ടി പറഞ്ഞതാവാം, അല്ലെങ്കിൽ സൂചന തന്നതാവാം, ഷഫീഖ് വി ബി എന്ന എഡിറ്ററിനെക്കുറിച്ച് തരുൺ

'നിഷാദിന്റെ വിയോഗത്തിന് ശേഷം നമ്മുടെ പടം എന്ത് ചെയ്യുമെന്നാണ് എല്ലാവരും എന്നോട് ചോദിച്ചിരുന്നത്'

തുടരും സിനിമയുടെ ചിത്രീകരണം അവസാനിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് സിനിമയുടെ എഡിറ്റർ ആയിരുന്ന നിഷാദ് യൂസഫിന്റെ അപ്രതീക്ഷിതമായ വിയോഗം. തുടരും സിനിമയ്ക്ക് പിന്നീട് എഡിറ്റർ ആയി എത്തിയത് ഷഫീഖ് വി ബി ആയിരുന്നു. സ്പോട്ട് എഡിറ്ററുടെ വർക്ക് കാണാത്ത നിഷാദ് ഷഫീഖിന്റെ വർക്ക് കണ്ടുവെന്നും അഭിനന്ദിച്ചുവെന്നും തരുൺ പറഞ്ഞു. ഇത് തനിക്ക് നൽകിയ സൂചനയായി തോന്നിയെന്നും അങ്ങനെയാണ് തുടരും സിനിമ ഷഫീഖ് വി ബി എഡിറ്റ് ചെയ്യട്ടെയെന്ന് തീരുമാനിക്കുന്നതെന്നും തരുൺ കൂട്ടിച്ചേർത്തു. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'നിഷാദിന്റെ വിയോഗത്തിന് ശേഷം നമ്മുടെ പടം എന്ത് ചെയ്യുമെന്നാണ് എല്ലാവരും എന്നോട് ചോദിച്ചിരുന്നത്. എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല. ഏത് എഡിറ്ററിനെ പകരം കൊണ്ടുവരുമെന്ന് ആലോചിച്ചിരുന്നു. അപ്പോഴാണ് നിഷാദ് പോകും മുന്നേ എന്നോട് ഷഫീഖ് എന്ന എഡിറ്ററിന്റെ കുറിച്ച് പറഞ്ഞിരുന്നത് ഓർത്തത്. അവൻ അത് സൂചന നൽകിയ പോലെ എനിക്ക് തോന്നി. എന്റെ അതേ മീറ്റർ ആണ് അവൻ, എനിക്ക് പണി കുറവാണ് എന്നാണ് നിഷാദ് ഷഫീഖിനെക്കുറിച്ച് പറഞ്ഞിരുന്നത്.

സ്പോട്ട് എഡിറ്ററുടെ വർക്ക് കാണാത്ത നിഷാദ് അവന്റെ വർക്ക് ഇരുന്നു കാണുന്നതും ഷഫീഖിനോട് നന്നായിട്ടുണ്ട് എന്ന് പറഞ്ഞതെല്ലാം എനിക്ക് കൗതുകമായിരുന്നു. ഞാൻ രഞ്ജിത് ഏട്ടനുമായി സംസാരിച്ചു, തരുണിന് ഓക്കേ ആണെങ്കിൽ നമ്മുക്ക് നോക്കാം എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. നിഷാദ് രഞ്ജിത് ഏട്ടനോടും ഷഫീഖിന്റെ വർക്ക് കൊള്ളാമെന്ന് പറഞ്ഞിരുന്നു. അവൻ അത് ഉള്ളിൽ നിന്ന് പറഞ്ഞതാണെങ്കിലും നമ്മുക്ക് സൂചന തന്നതുപോലെ തോന്നി. ഞാൻ അതിൽ വിശ്വസിച്ചു.

ഈ സിനിമയ്ക്ക് മുന്നേ ഭരതനാട്യം എന്ന ചിത്രമാണ് ഷഫീഖ് ചെയ്തത്. ഞാൻ അത് കണ്ടിട്ടില്ല. ഷഫീഖിനെ വിളിച്ച് നിഷാദ് എനിക്ക് എങ്ങനെ ആയിരുന്നുവെന്നും എന്റെ ഒപ്പം എങ്ങനെ നിൽക്കണമെന്നും എല്ലാം പറഞ്ഞു കൊടുത്തു. ഈ സിനിമയുടെ ഡിസ്കഷനും മറ്റും നടത്തിയിട്ടുണ്ട് എന്നതല്ലാതെ വേറെ ഒന്നും നിഷാദ് ചെയ്തിരുന്നില്ല. എനിക്കൊപ്പം തന്നെ എനിക്ക് വേണ്ടത് ഷഫീഖ് തന്നിട്ടുണ്ട്,' തരുൺ പറഞ്ഞു.

Content Highlights: tharun moorthy talks about editor Shafiq VB

To advertise here,contact us