മൂന്നും നാലും മാസമെടുത്ത് ചെയ്ത വർക്ക്, 'കിംഗ് ഓഫ് കൊത്ത'യിൽ ഞാൻ വളരെ ഹാപ്പിയാണ്: ജേക്സ് ബിജോയ്

'പല എഡിറ്റർമാരും കൊത്തയിലെ ബിജിഎമ്മുകൾ ഇന്നും ഉപയോഗിക്കാറുണ്ട്'

ദുൽഖർ സൽമാനെ നായകനാക്കി അഭിലാഷ് ജോഷി ഒരുക്കിയ ആക്ഷൻ ചിത്രമായിരുന്നു 'കിംഗ് ഓഫ് കൊത്ത'. വലിയ ബഡ്ജറ്റിൽ ഒരുപാട് പ്രതീക്ഷകളോടെ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. മോശം തിരക്കഥയുടെയും അഭിനയത്തിന്റെയും പേരിൽ വലിയ വിമർശനങ്ങളാണ് ചിത്രം ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസുതുറന്ന് സംഗീത സംവിധായകൻ ജേക്സ് ബിജോയ്. മൂന്നും നാലും മാസമെടുത്ത് തങ്ങൾ ചെയ്ത പടമാണ് കിംഗ് ഓഫ് കൊത്ത എന്നും താൻ വളരെ പ്രൗഡ് ആയും ഹാപ്പി ആയും ചെയ്ത വർക്ക് ആണ് അതെന്നും റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ ജേക്സ് ബിജോയ് പറഞ്ഞു.

'സിനിമ ഏതായാലും അതിൽ 100 ശതമാനം എഫർട്ട് ഇട്ട് നമ്മൾ ചെയ്തിട്ട് അത് വർക്ക് ആകാതെ പോകുമ്പോൾ നമുക്ക് വിഷമമുണ്ടാകും. കൊത്തയെ ഞാൻ പോസിറ്റീവ് ആയി ആണ് കാണുന്നത്. നിരവധി അവസരങ്ങൾ ആണ് എനിക്ക് കൊത്തയിലൂടെ കിട്ടിയത്. ഇന്നും അതിലെ പാട്ടുകളും ബിജിഎമ്മുകളും ആളുകൾ ഓർത്തിരിക്കുന്നുണ്ട്. പല എഡിറ്റർമാരും കൊത്തയിലെ ബിജിഎമ്മുകൾ ഇന്നും ഉപയോഗിക്കാറുണ്ട്. മൂന്നും നാലും മാസമെടുത്ത് ഞങ്ങൾ ചെയ്ത പടമാണ് കിംഗ് ഓഫ് കൊത്ത. വളരെ മ്യൂസിക് സെൻസുള്ള ഒരാളാണ് ആ സിനിമയുടെ സംവിധായകൻ അഭിലാഷ് ജോഷി. അഭിയുടെ കൂടെ ഇൻപുട്ട് ആ മ്യൂസിക്കിൽ ഉണ്ട്. ഞാൻ വളരെ പ്രൗഡ് ആയിട്ടുള്ള ഹാപ്പി ആയി ചെയ്ത വർക്ക് ആണ് കിംഗ് ഓഫ് കൊത്ത', ജേക്സ് ബിജോയ് പറഞ്ഞു.

ദുൽഖറിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായിരുന്നു 'കിം​ഗ് ഓഫ് കൊത്ത'. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം നൽകിയത്. ദുല്‍ഖര്‍ സല്‍മാന്റെ വെഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നായിരുന്നു ചിത്രം നിർമിച്ചത്.

Content Highlights: Jakes Bejoy talks about King of Kotha

To advertise here,contact us