കുറേ കാശ് പൊട്ടുമല്ലോ! സൂര്യയും നാനിയും അജയ് ദേവ്ഗണും ഒരുമിച്ചെത്തുന്നു; ആഘോഷമാക്കാൻ മെയ് റിലീസുകൾ

സൂപ്പർതാര സിനിമകൾ ഉൾപ്പെടെ തിയേറ്ററിലെത്തുമ്പോൾ പ്രേക്ഷകർക്ക് അതൊരു വിരുന്ന് തന്നെയാകും എന്നാണ് പ്രതീക്ഷ

വലുതും ചെറുതുമായ വമ്പൻ റിലീസുകളാണ് മെയ് ഒന്നിന് തിയേറ്ററിലെത്താൻ കാത്തിരിക്കുന്നത്. സൂപ്പർതാര സിനിമകൾ ഉൾപ്പെടെ തിയേറ്ററിലെത്തുമ്പോൾ പ്രേക്ഷകർക്ക് അതൊരു വിരുന്ന് തന്നെയാകും എന്നാണ് പ്രതീക്ഷ. തമിഴിൽ നിന്ന് സൂര്യ ചിത്രം 'റെട്രോ', ശശികുമാർ ചിത്രം 'ടൂറിസ്റ്റ് ഫാമിലി' തെലുങ്കിൽ നിന്ന് നാനിയുടെ 'ഹിറ്റ് 3' ഹിന്ദിയിൽ നിന്ന് അജയ് ദേവ്ഗൺ ചിത്രമായ 'റെയ്ഡ് 2' കൂടാതെ ഹോളിവുഡ് ചിത്രമായ 'തണ്ടർബോൾട്ട്സ്' എന്നീ സിനിമകളാണ് മെയ് ഒന്നിന് തിയേറ്ററിൽ എത്തുന്നത്.

സൂര്യ ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. സിനിമയുടെ ട്രെയ്‌ലർ നേരത്തെ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമായിരുന്നു ട്രെയിലറിന് ലഭിച്ചത്. ചിത്രം തമിഴ്നാട്ടിൽ നിന്നും ഇതുവരെ 2.70 കോടി അഡ്വാൻസ് ബുക്കിങ്ങിൽ നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ 1030 ഷോകളിൽ നിന്ന് 1.50 ലക്ഷം ടിക്കറ്റുകളാണ് റെട്രോ വിറ്റത്. കേരളത്തിലും കർണാടകയിലും സിനിമയ്ക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന തരത്തിലുള്ള കണക്കുകളാണ് അഡ്വാൻസ് ബുക്കിംഗ് സൂചിപ്പിക്കുന്നത്.

കേരളത്തിൽ നിന്ന് ഇതുവരെ 25 ലക്ഷവും കർണാടകയിൽ നിന്ന് ഇതുവരെ 12 ലക്ഷവുമാണ് റെട്രോ സ്വന്തമാക്കിയിരിക്കുന്നത്. സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ശശികുമാർ നായകനാകുന്ന ടൂറിസ്റ്റ് ഫാമിലി ആണ് മെയ് ഒന്നിന് റിലീസിനെത്തുന്ന മറ്റൊരു തമിഴ് ചിത്രം. അബിഷൻ ജിവിന്ത് സംവിധാനം ചെയ്യുന്ന ചിത്രം ഒരു കോമഡി എൻ്റർടൈയ്നർ ആയിട്ടാണ് ഒരുങ്ങുന്നത്. 'ആവേശം' എന്ന ചിത്രത്തിൽ ബിബിമോൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മിഥുൻ ജയ് ശങ്കറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിമ്രാൻ ആണ് സിനിമയെ നായിക. ഗുഡ് നൈറ്റ്, ലവർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ നിർമിച്ച മില്യൺ ഡോളർ സ്റ്റുഡിയോസും ഒപ്പം എംആർപി എൻ്റർടൈയ്ൻമെൻ്റ് ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

നാനി നായകനാകുന്ന പുതിയ ചിത്രമാണ് ഹിറ്റ് 3. നടന്റെ 32-ാമത് സിനിമയായി ഒരുങ്ങുന്ന ഹിറ്റ് 3 ക്ക് മേൽ വലിയ പ്രതീക്ഷകളുമുണ്ട്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വയലന്‍സ് ഉള്ള ചിത്രവും കഥാപാത്രവും ആയിരിക്കും ഇതെന്നും ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നുണ്ട്. സിനിമയുടേതായി ഇതുവരെ പുറത്തുവന്ന ട്രെയ്‌ലറിനും പാട്ടുകൾക്കും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. നാനിയുടെ വിജയകുതിപ്പ് ഹിറ്റ് 3 യിലൂടെ തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അജയ് ദേവ്ഗണിനെ നായകനാക്കി രാജ്‌കുമാർ ഗുപ്ത സംവിധാനം ചെയ്യുന്ന 'റെയ്ഡ് 2' ആണ് ബോളിവുഡിൽ നിന്നെത്തുന്ന പ്രതീക്ഷയുണർത്തുന്ന ചിത്രം. 2018 ൽ പുറത്തിറങ്ങിയ റെയ്ഡ് എന്ന സിനിമയുടെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രത്തെ ത്രില്ലർ ഴോണറിൽ ആണ് ഒരുക്കിയിരിക്കുന്നത്. റിതേഷ് ഷാ, രാജ് കുമാർ ഗുപ്ത, ജയദീപ് യാദവ്, കരൺ വ്യാസ് എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ വാണി കപൂർ, റിതേഷ് ദേശ്മുഖ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മാർവെൽ ചിത്രമായ തണ്ടർബോൾട്ട്സും ഇന്ത്യയിൽ എത്തുന്നത് മെയ് ഒന്നിനാണ്. മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ ഫേസ് ഫൈവിന്റെ അവസാന ചിത്രമാകും 'തണ്ടർബോൾട്ട്സ്'. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് പ്രീമിയർ ഷോസിൽ നിന്നും ലഭിച്ചത്. മാർവെലിൽ നിന്ന് മുൻപ് പുറത്തുവന്ന സിനിമകളിൽ നിന്നേറെ വ്യത്യസ്തമാണ് തണ്ടർബോൾട്ട്സ് എന്നും ചിത്രത്തിന്റെ കഥയും കഥാപാത്ര നിർമിതിയും മികച്ച് നിൽക്കുന്നെന്നുമാണ് അഭിപ്രായങ്ങൾ. ഏറെ നാളുകൾക്ക് ശേഷം മാർവെൽ സ്റ്റുഡിയോസിന്റെ തിരിച്ചുവരാണ് തണ്ടർബോൾട്ട്സിലൂടെ സാധ്യമായിരിക്കുന്നതെന്നാണ് ആദ്യ റിവ്യൂസ് സൂചിപ്പിക്കുന്നത്.

Content Highlights: Retro, Raid 2, Hit 3 Films releasing on May 1

To advertise here,contact us