ബി ഉണ്ണികൃഷ്ണന് എന്നോട് വ്യക്തിവിരോധം, ഫെഫ്കയെ അപമാനിക്കുന്ന ഒരു പരാമർശവും ഞാൻ നടത്തിയിട്ടില്ല:സജി നന്ത്യാട്ട്

'വിൻ സിയുടെ പരാതിയിൽ നിർമാതാവിനെ ഫെഫ്ക വിളിച്ചു വരുത്തിയതിനെതിരെ താൻ പ്രതികരിച്ചതാണ് ഇപ്പോഴത്തെ പ്രകോപനത്തിന് കാരണം'

ബി ഉണ്ണികൃഷ്ണനെതിരെ ആഞ്ഞടിച്ച് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട്. ബി ഉണ്ണികൃഷ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സജി നന്ത്യാട്ടിൻ്റെ പ്രതികരണം. ബി ഉണ്ണികൃഷ്ണന് വ്യക്തിവിരോധമാണെന്നും ഫെഫ്കയെ അപമാനിക്കുന്ന ഒരു പരാമർശവും നടത്തിയിട്ടില്ല എന്നും സജി നന്ത്യാട്ട് പറഞ്ഞു.

ബി ഉണ്ണികൃഷ്ണന് പഠിക്കുന്ന കാലം മുതലുള്ള വിരോധമാണ്. സി എം എസ് കോളേജിൽ ബി ഉണ്ണികൃഷ്ണന്റെ പാനലിനെ തോൽപ്പിച്ചിരുന്നു. അന്ന് മുതലുള്ള വിരോധമാണ് അദ്ദേഹത്തിന് തന്നോടെന്നും സജി നന്ത്യാട്ട് പറഞ്ഞു. വിൻ സിയുടെ പരാതിയിൽ നിർമാതാവിനെ ഫെഫ്ക വിളിച്ചു വരുത്തിയതിനെതിരെ പ്രതികരിച്ചതാണ് ഇപ്പോഴത്തെ പ്രകോപനത്തിന് കാരണം. ഇന്നത്തെ ഫിലിം ചേംബർ യോഗം തനിക്കെതിരായ പരാതി ചർച്ച ചെയ്യുമെന്നും സജി നന്ത്യാട്ട് പറഞ്ഞു.

സജി നന്ത്യാട്ടിനെ നിയന്ത്രിക്കുകയും തിരുത്തുകയും വേണമെന്നായിരുന്നു ഫെഫ്ക ജനറൽസെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ നേരത്തെ പറഞ്ഞത്. മാധ്യമങ്ങളിൽ തന്നെയും ഫെഫ്കയെയും ലക്ഷ്യമിട്ട് സജി ആരോപണം ഉന്നയിക്കുന്നുവെന്നും ഫെഫ്കയുടെ സാങ്കേതിക പ്രവർത്തകരിൽ പലരും ലഹരിക്കടിമയാണെന്ന് സജി ആരോപിച്ചതായും ഫിലിം ചേംബർ പ്രസിഡന്റ് ബി ആർ ജേക്കബിന് അയച്ച കത്തിൽ ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. നേരത്തെ വിൻസിയുടെ പരാതിയിൽ സൂത്രവാക്യം സിനിമയുടെ ഇന്റേണൽ കമ്മിറ്റിയുടെ തെളിവെടുപ്പിനിടെ ഷൈൻ ടോം ചാക്കോയെയും സിനിമയുടെ നിർമാതാവിനെയും വിളിച്ചുവരുത്തിയ ഫെഫ്കയുടെ നടപടിക്കെതിരെ സജി നന്ത്യാട്ട് രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.

ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും ലഹരി ഉപയോഗിച്ച ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായതിനാലാണ് തീരുമാനമെന്നുമുള്ള വിന്‍ സിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു. അന്ന് നടന്‍റെ പേര് വിൻ സി വെളിപ്പെടുത്തിയിരുന്നില്ല. പിന്നാലെ ഇപ്പോൾ ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിന്‍ സി അലോഷ്യസ് ഫിലിം ചേംബറിന് നൽകുകയായിരുന്നു. 'സൂത്രവാക്യം' എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഷെെൻ ടോം ചാക്കോയില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിൻസി ഫിലിം ചേംബറിന് പരാതി നൽകിയത്.

Content Highlights:Saji nandhyatt responds to B Unnikrishnan's complaint |

To advertise here,contact us