'6 വർഷത്തെ പ്രയത്‌നത്തിനൊടുവിലാണ് ഈ കഥാപാത്രം'; ബോഗയ്ൻവില്ലയിലെ 'വറീതിന്റെ ഭാര്യ' നവീന വി എം

കോഴിക്കോടൻ നാടകവേദിയിലൂടെ അഭിനയ രംഗത്ത് എത്തിയ നവീന പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു

ബോഗയ്ൻവില്ലയുടെ റിലീസിന് പിന്നാലെ പ്രധാനതാരങ്ങൾക്കൊപ്പം വേലക്കാരൻ വറീതിന്റെ ഭാര്യയായി എത്തിയ നടിയുടെ പ്രകടനവും ഏറെ അഭിനന്ദനങ്ങൾ നേടിയെടുത്തിരുന്നു. 'കണ്ണുകൾ കൊണ്ടുള്ള അസാധാരണമായ അഭിനയം' എന്നായിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞ കമന്റുകൾ. കോഴിക്കോട് സ്വദേശിനിയായ നവീന വിഎം ആയിരുന്നു ചിത്രത്തിൽ വറീതിന്റെ ഭാര്യയായി എത്തിയത്. കോഴിക്കോടൻ നാടകവേദിയിലൂടെ അഭിനയ രംഗത്ത് എത്തിയ നവീന പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. നവീനയുടെ അഞ്ചാമത്തെ സിനിമയാണ് ബോഗയ്ൻവില്ല. ചിത്രത്തെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും അഭിനയ സ്വപ്‌നങ്ങളെ കുറിച്ചും നവീന വിഎം റിപ്പോർട്ടർ ലൈവിനോട് സംസാരിക്കുന്നു.

'വറീതിന്റെ ഭാര്യ' അപ്രതീക്ഷിതമായി കിട്ടിയ അവസരം

എന്റെ അഞ്ചാമത്തെ സിനിമയാണ് ബോഗയ്ൻവില്ല. ആഷിഖ് അബു സംവിധാനം ചെയ്ത നാരദൻ എന്ന ചിത്രത്തിൽ ജേർണലിസം ട്രെയ്‌നിയായിട്ടാണ് ആദ്യമായി അഭിനയിച്ചത്. ഇടയ്ക്ക് പേരില്ലൂർ പ്രീമിയർ ലീഗ് എന്ന സീരിസിലും അഭിനയിച്ചിരുന്നു. ബോഗയ്ൻവില്ലയിൽ 'വറീതിന്റെ ഭാര്യ'യുടെ റോളിലേക്ക് സ്ഥിരം മുഖമല്ലാത്ത ഒരാളെ അന്വേഷിച്ചുകൊണ്ടിരിക്കുമ്പോഴാണ് അഭിനയപരിശീലകൻ കൂടിയായ സാം ജോർജ് ചേട്ടൻ അമൽ നീരദ് സാറിന്റെ അസോസിയേറ്റ് ആയിട്ടുള്ള അജിത്ത് ഏട്ടന് എന്റെ പേര് നിർദ്ദേശിക്കുന്നത്. ചിത്രത്തിൽ വറീത് ആയി അഭിനയിച്ചത് സുർജിത്ത് ഏട്ടനായിരുന്നു. അദ്ദേഹത്തിന്റെ സ്‌ക്രീൻ പ്രായവുമായി എന്റെ പ്രായം യോജിക്കുമോയെന്നായിരുന്നു അമൽ സാറിന്റെ സംശയം. ആദ്യ മീറ്റിങ്ങില്‍ കഥാപാത്രത്തെ കുറിച്ച് പറഞ്ഞു. സാരിയുടുത്താൽ എനിക്ക് കൂടുതൽ പ്രായം തോന്നിക്കുമെന്നായിരുന്നു ഞാൻ സാറിനോട് പറഞ്ഞത്. അങ്ങനെയാണ് ഈ ചിത്രത്തിലേക്ക് അവസരം ലഭിക്കുന്നത്.

ഞാൻ ഈ കഥാപാത്രത്തെ ചെയ്യുമ്പോൾ അത് ആളുകൾക്ക് കണക്ട് ആവുമോയെന്നായിരുന്നു എന്റെ പേടി. എന്നാൽ റിലീസിന് ശേഷം ലഭിക്കുന്ന റെസ്‌പോൺസ് കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നുണ്ട്. ഒരു കുട്ടിയെ ലൈംഗീക ചൂഷണം ചെയ്യുന്ന സ്ത്രീയായി അതേസമയം അത് ഡയലോഗുകളിലൂടെയല്ലാതെ അഭിനയിക്കുമ്പോൾ ടെൻഷൻ ഉണ്ടായിരുന്നു. പലരും ആ സീനുകൾ ഡിസ്റ്റേർബിങ് ആയിരുന്നു എന്ന് പറയുമ്പോൾ ആദ്യമൊരു സംശയം ഉണ്ടായിരുന്നു, എന്നാൽ കഥാപാത്രം മോശമായത് കൊണ്ടല്ല, പകരം ആ സീനിന്റെ ഇമോഷൻ കാരണമാണെന്ന് പറയുമ്പോളാണ് സന്തോഷമായത്. സത്യം പറഞ്ഞാൽ ഒരു ഫ്‌ളാഷ് ബാക്ക് സീനിൽ വരുന്ന ചെറിയ കഥാപാത്രമാണിത്. പക്ഷേ റിലീസിന് ശേഷം ആളുകൾ അതിനെ കുറിച്ച് സംസാരിക്കുന്നത് കാണുമ്പോൾ കൂടുതൽ സന്തോഷം വരുന്നുണ്ട്.

അഭിനയം കരിയറായി കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. എന്റെ തുടർന്നുള്ള അഭിനയ ജീവിതത്തിൽ ഈ കഥാപാത്രം വലിയ സഹായമാവുമെന്നാണ് വിശ്വസിക്കുന്നത്. സത്യത്തിൽ കുട്ടിയുമായുള്ള മറ്റൊരു രംഗം കൂടി സിനിമയിൽ ഉണ്ടായിരുന്നു. സിനിമ കണ്ട് വിദേശത്ത് നിന്നുള്ള ചില ആളുകൾ പറയുമ്പോഴാണ് അവിടെ ആ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മനസിലായത്. ഇന്ത്യയിൽ പക്ഷേ ആ രംഗമില്ല. ആ സീന്‍

കൂടിയുണ്ടായിരുന്നെങ്കിൽ 'വറീതിന്റെ ഭാര്യ' കുറച്ചുകൂടി പ്രേക്ഷകരിൽ ഡിസ്റ്റേർബൻസ് ഉണ്ടാക്കിയേനെ.

തുടക്കം കോഴിക്കോടൻ നാടകരംഗത്ത് നിന്ന്

നാടകത്തിനും കലകൾക്കും ഏറെ പ്രാധാന്യം നൽകുന്ന സ്ഥലമാണ് കോഴിക്കോട്. അവിടുത്തേ അമേച്വർ നാടകങ്ങളിലൂടെയാണ് അഭിനയത്തിൽ താൽപ്പര്യമുണ്ടായി തുടങ്ങിയത്. അന്ന് അഭിനയത്തെ ഒരു കരിയറായി കണ്ടിരുന്നില്ല. ഡിഗ്രി പഠനത്തിന് ശേഷം ജേർണലിസത്തിൽ ഡിപ്ലോമ എടുത്തു. പക്ഷേ ജേർണലിസം പഠനത്തിന് ശേഷം ഇനി എന്ത് എന്ന ചോദ്യത്തിൽ നിന്നാണ് അഭിനയം കൂടുതലായി പഠിക്കാൻ ആഗ്രഹം വന്നത്. അങ്ങനെ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ പെർഫോമിങ് ആർട്‌സിൽ പിജിക്ക് ചേർന്നു. അവിടെ നിന്നാണ് അഭിനയം കൂടുതലായി പഠിക്കുന്നതും അഭിനയ രംഗം കരിയറായി സ്വീകരിക്കാമെന്ന് തീരുമാനിച്ചതും.

കോഴ്‌സിന് ശേഷം ചെറിയ ഷോർട് ഫിലിമുകളിൽ അഭിനയിച്ചു. കുട്ടി സ്റ്റോറീസ് എന്ന

പ്ലാറ്റ്‌ഫോമില്‍ ചെയ്ത ഷോര്‍ട് ഫിലിമുകളിലൂടെയാണ് എന്നെ ആളുകള്‍ അറിഞ്ഞുതുടങ്ങിയത്. പിന്നീട് സണ്‍ മ്യൂസിക്കില്‍ അവതാരകയായും പ്രവര്‍ത്തിച്ചിരുന്നു. ഇതിന് ശേഷം സ്‌കൂളുകളിൽ അഭിനയ പരിശീലനം നൽകിയിരുന്നു. ഇടയ്ക്ക് കുടുംബപുരാണം എന്ന സിറ്റ്‌കോമിലും

അഭിനയിച്ചിരുന്നു. ഇപ്പോൾ എറണാകുളത്ത് സര്‍ക്കാരിന്‍റെ വജ്രജൂബിലി ഫെലോഷിപ്പിന്‍റെ ഭാഗമായി അഭിനയ പരിശീലകയായിട്ടാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ അഞ്ച് - ആറ് വർഷത്തെ കരിയർ സ്ട്രഗിളിന് ഒടുവിലാണ് ഇപ്പോൾ ബോഗയ്ൻവില്ലയിൽ ഇത്തരത്തിൽ ഒരു കഥാപാത്രത്തെ ലഭിച്ചത്.

അമൽ നീരദ് സിനിമയിലെ സ്വപ്‌ന നിമിഷം

അമൽ നീരദ് സിനിമയിൽ ഒരു പാസിങ് ഷോട്ട് എങ്കിലും ചെയ്യണമെന്നത് എല്ലാ അഭിനയമോഹികളുടെയും സ്വപ്‌നങ്ങളിൽ ഒന്നാണ്. അദ്ദേഹത്തിന്റെ ഡയറക്ഷനിൽ അഭിനയിക്കാൻ സാധിച്ചുവെന്നതാണ് ഏറ്റവും വലിയ കാര്യം. പക്കാ പ്രൊഫഷണൽ സെറ്റായിരുന്നു ബോഗയ്ൻവില്ലയുടെത്. ചെറിയ ആർട്ടിസ്റ്റ്, വലിയ ആർട്ടിസ്റ്റ് എന്നിങ്ങനെയുള്ള വേർതിരിവുകൾ ഒന്നുമില്ലാതെ നൂറ് ശതമാനം ജനുവിനായി, പ്രൊഫഷണലായിട്ടായിരുന്നു സെറ്റിൽ എല്ലാവരും പരസ്പരം പെരുമാറിയിരുന്നത്. കോമ്പിനേഷൻ സീനുകൾ ഇല്ലെങ്കിലും ജ്യോതിർമയി മാം, ശ്രിന്ദ തുടങ്ങിയവരെല്ലാം ലൊക്കേഷനിൽ ഉണ്ടായിരുന്നു. അവരും നല്ല സപ്പോർട്ട് ആയിരുന്നു എനിക്ക് തന്നത്.

ഭാവി പദ്ധതികൾ

അഭിനയരംഗത്ത് തന്നെ തുടരണമെന്നാണ് ആഗ്രഹം. സിനിമയിലും നാടകത്തിലും

ഒരുപോലെ പ്രവർത്തിക്കാൻ സാധിക്കണം. നിലവിൽ ചില പ്രോജക്ടുകൾ വരാനുണ്ട്.

അതും ഇതുപോലെ ചെറിയ ചെറിയ റോളുകളാണ്. ബോഗയ്ൻവില്ലയിലെ ഈ കഥാപാത്രം കരിയറിൽ പുതിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് എന്റെ വിശ്വാസം.

Content Highlights: Interview with Bougainvillea Actress Naveena VM

To advertise here,contact us