ബറോസിൽ ലാൽ സാർ ആവശ്യപ്പെട്ട സ്കെച്ചുകൾ കൃത്യമായി കൊടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്; സേതു ശിവാനന്ദൻ അഭിമുഖം

ബറോസിലെ മോഹൻലാലിന്റെ ലുക്കിന്റെ ഡിസൈനിനെപ്പറ്റിയും വർക്ക് ചെയ്ത എക്സ്പീരിയൻസിനെ പറ്റിയും റിപ്പോർട്ടറിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയാണ് കൺസെപ്റ്റ് ആർട്ടിസ്റ്റ് ആയ സേതു ശിവാനന്ദൻ.

1 min read|24 Dec 2024, 08:38 pm

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ഒരു ഫാന്റസി പീരീഡ് ഴോണറിൽ ഒരുങ്ങുന്ന സിനിമ നാളെ തിയേറ്ററുകളിലെത്തും. ചിത്രത്തിലെ മോഹൻലാലിന്റെ ലുക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയിലെ മോഹൻലാലിൻറെ ലുക്കിന്റെ ഡിസൈനിനെപ്പറ്റിയും വർക്ക് ചെയ്ത എക്സ്പീരിയൻസും റിപ്പോർട്ടറിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് കൺസെപ്റ്റ് ആർട്ടിസ്റ്റ് ആയ സേതു ശിവാനന്ദൻ. തനിക്ക് ഒരുപാട് അടുപ്പമുള്ള സിനിമയാണ് ബറോസ്. ലാൽ സാറിന്റെ മനസിലുള്ള കാര്യങ്ങൾ കൃത്യമായി കൊടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സേതു ശിവാനന്ദൻ പറഞ്ഞു.

Also Read:

Entertainment News
ഭൂതത്തിന്റെ പിടിയിലായത് കുട്ടികൾ മാത്രമല്ല!! അഡ്വാൻസ് ബുക്കിങിൽ കസറി ബറോസ്

ബറോസിലേക്ക് എത്തിയ വഴി

ആദ്യം നന്ദി പറയേണ്ടത് ലാൽ സാറിനോടാണ്. ഒപ്പം ജിജോ സാർ, സന്തോഷ് രാമൻ സാർ എന്നിവരോടും നന്ദി പറയാനുണ്ട്. ബറോസിന്റെ ആദ്യ സ്റ്റേജ് മുതൽ ഞാൻ സിനിമയിൽ വർക്ക് ചെയ്യുന്നുണ്ടായിരുന്നു. കഥാപാത്രത്തിന്റെ രൂപകല്പനക്കായി ലാൽ സാറിന്റെയും ജിജോ സാറിന്റെയും ഒരുപാട് സപ്പോർട്ട് എനിക്കുണ്ടായിരുന്നു. ലാൽ സാറിന്റെ മനസിലുള്ള കാര്യങ്ങളെല്ലാം എന്നോട് പറഞ്ഞു തരും. അതെല്ലാം ഓരോ തവണയും ചെയ്തുകൊടുക്കുകയും പിന്നീട് അദ്ദേഹത്തിന്റെ സജഷൻ അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മനസിലുള്ള കാര്യങ്ങൾ കൃത്യമായി കൊടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഒടിയന് ശേഷം ശ്രീകുമാർ മേനോന്റെ ചില വർക്കുകളുമായി നിൽക്കുന്ന സമയത്താണ് എനിക്ക് ബറോസിലേക്കുള്ള വിളി വരുന്നത്. കഥാപാത്രത്തിന്റെ രൂപങ്ങൾ എങ്ങനെ ആയിരിക്കണം എന്ന തരത്തിലുള്ള ചില സാമ്പിളുകൾ എനിക്ക് ആദ്യം നൽകിയിരുന്നു. പിന്നീട് നവോദയയിൽ പോയിട്ട് ജിജോ സാറിന്റെ നിർദ്ദേശ പ്രകാരമാണ് ബാക്കി ചെയ്തത്. ലാൽ സാർ ഇടക്കിടെ എന്താണ് വേണ്ടതെന്ന് അപ്‌ഡേഷൻ നൽകുമായിരുന്നു.

ബറോസ് ഏറ്റവും അടുപ്പമുള്ള വർക്ക്

സന്തോഷ് രാമൻ ചേട്ടൻ നയിക്കുന്ന ആർട്ട് ഡിപ്പാർട്ട്മെന്റ് ആണ് വൂഡൂ എന്ന കഥാപാത്രത്തിന്റെ ഡിസൈൻ കൈകാര്യം ചെയ്തത്. എനിക്ക് കുറച്ചധികം ഉത്തരവാദിത്തങ്ങൾ സിനിമയിലുണ്ടായിരുന്നു. ലാൽ സാറിന്റെ തലയിൽ വരച്ചിരിക്കുന്ന ടാറ്റൂ ഒക്കെ ഡിസൈൻ ചെയ്തത് ഞാനാണ്.സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഞാനായിരുന്നു ചെയ്തത്. അങ്ങനെ എനിക്ക് ഒരുപാട് അടുപ്പമുള്ള സിനിമയാണ് ബറോസ്. സ്വന്തം വീട്ടിൽ ചെയ്യുന്ന ഒരു വർക്ക്‌ പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ആന്റണി ചേട്ടനും ലാൽ സാറും വളരെ വലിയ സപ്പോർട്ട് ആയിരുന്നു.

പ്രതീക്ഷകൾ

ഇനിയെല്ലാം പ്രേക്ഷകർക്ക് വിട്ടുകൊടുക്കുകയാണ്. ഇതൊരു ഫാന്റസി സിനിമയായതുകൊണ്ട് പല തരത്തിലായിരിക്കും കാഴ്ചക്കാർ അതിനെ വ്യാഖ്യാനിക്കുക. അതുകൊണ്ടു തന്നെ അഭിപ്രായങ്ങൾ വ്യത്യസ്തമായിരിക്കും. അവർ കണ്ടിട്ട് പറയട്ടെ.

Content Highlights: Sethu Sivanandan talks about Barroz Mohanlal looks and experience

To advertise here,contact us