'ലാപത ലേഡീസ്' സുപ്രീം കോടതിയിൽ പ്രദർശിപ്പിക്കും; ചീഫ് ജസ്റ്റിസും ആമിർ ഖാനും ഉൾപ്പെടെ സിനിമ കാണും

സുപ്രീം കോടതി സ്ഥാപിതമായതിൻ്റെ എഴുപത്തിയഞ്ചാം വർഷത്തോടനുബന്ധിച്ചാണ് സിനിമയുടെ പ്രദർശനം നടത്തുന്നത്

ഡൽഹി: മികച്ച നിരൂപക പ്രശംസയോടെ ശ്രദ്ധ നേടിയ ചിത്രം 'ലാപത ലേഡീസ്' ഇന്ന് സുപ്രീം കോടതിയിൽ പ്രദർശിപ്പിക്കും. സുപ്രീം കോടതിയിലെ ജഡ്ജിമാർക്കും അവരുടെ കുടംബംഗങ്ങൾക്കും മറ്റ് കോടതി ഉദ്യാഗസ്ഥർക്കും വേണ്ടിയാണ് ഈ സ്പെഷ്യൽ ഷോ. ലിംഗസമത്വം പ്രധാന ഉള്ളടക്കമായ ചിത്രം കാണാൻ നടനും നിർമ്മാതാവുമായ ആമിർ ഖാനും സിനിമയുടെ സംവിധായിക കിരൺ റാവുവിനും പ്രത്യേക ക്ഷണമുണ്ട്.

സുപ്രീം കോടതി സ്ഥാപിതമായതിൻ്റെ എഴുപത്തിയഞ്ചാം വർഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രവർത്തനങ്ങളുടെ ഭാഗമായാണ്, ലിംഗസമത്വത്തെ അടിസ്ഥാനമാക്കിയുള്ള 'ലാപത ലേഡീസ്' പ്രദർശിപ്പിക്കുക. സുപ്രീം കോടതിയിലെ സി-ബ്ലോക്ക് ഓഡിറ്റോറിയം, അഡ്മിനിസ്ട്രേറ്റീവ് ബിൽഡിംഗ് കോംപ്ലക്സിലാണ് സ്ക്രീനിങ്ങിനുള്ള സജ്ജീകരണം ഒരുക്കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും സിനിമ കാണാനെത്തും. വൈകിട്ട് 4.15-നാണ് സിനിമയുടെ പ്രദർശനം.

കിരൺ റാവു സംവിധാനത്തിലൊരുങ്ങിയ ലാപത ലേഡീസ് മാർച്ച് ഒന്നിനാണ് തിയേറ്ററുകളിൽ റിലീസിനെത്തിയത്. പിന്നീട് ഏപ്രിൽ 26-ന് നെറ്റ്ഫ്ലിക്സിലും സിനിമ എത്തിയിരുന്നു. സിനിമാപ്രവർത്തകരിൽ നിന്നും സിനിമാപ്രേമികളിൽ നിന്നും സിനിമയ്ക്ക് ഏറെ പ്രശംസ ലഭിച്ചിരുന്നു. പുതുമുഖങ്ങളായ പ്രതിഭ രത്ന, സ്പർഷ് ശ്രീവാസ്തവ്, നിതാൻഷി ഗോയൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 2001-ൽ നിർമ്മൽ പ്രദേശ് എന്ന സാങ്കൽപ്പിക സംസ്ഥാനത്തിൻ്റെ പശ്ചാത്തലത്തിലാണ് ലാപത ലേഡീസ് ഒരുങ്ങിയത്. ബിപ്ലബ് ഗോസ്വാമിയുടെ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. മാർച്ച് ഒന്നിനാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

സുധ കൊങ്കരയുടെ പുറനാനൂറിൽ 'നടൻ' ലോകേഷ് കനകരാജും; ദുൽഖറിന് പകരം?

To advertise here,contact us