2024 ല് നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ പേര് കണ്ട ചിത്രമായി വിജയ് സേതുപതിയുടെ 'മഹാരാജ'. 18.6 മില്യൺ പ്രേക്ഷകരാണ് ചിത്രമിതുവരെ നെറ്റ്ഫ്ലിക്സിൽ കണ്ടതെന്നാണ് റിപ്പോർട്ട്. ബോളിവുഡ് ചിത്രങ്ങളായ 'ക്രൂ', 'ലാപതാ ലേഡീസ്', 'ഫൈറ്റർ' എന്നിവയെ പിന്തള്ളിയാണ് 'മഹാരാജ' ഒന്നാമതെത്തിയത്. ആദ്യ പത്ത് സ്ഥാനത്തുള്ള ഏക സൗത്ത് ഇന്ത്യൻ ചിത്രവും ഇതുതന്നെ. നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത 'മഹാരാജ' സസ്പെൻസ് ത്രില്ലർ വിഭാഗത്തിലെത്തിയ ചിത്രമാണ്. 100 കോടിക്കും മുകളിലാണ് ബോക്സ് ഓഫീസിൽ നിന്ന് ഈ വിജയ് സേതുപതി ചിത്രം നേടിയത്.
നെറ്റ്ഫ്ലിക്സിൽ ചിത്രം റിലീസ് ആയത് മുതൽ നിരവധി പ്രേക്ഷകരാണ് ചിത്രത്തെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിലൂടെ അഭിപ്രായങ്ങള് പങ്കുവച്ചത്. ഇന്ത്യയിലെ വിവിധ ഭാഷകളില് നിന്നും മാത്രമല്ല വിദേശരാജ്യങ്ങളില് നിന്നും മഹാരാജയ്ക്ക് കാഴ്ചക്കാരുണ്ടായിരുന്നു.
അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറിൽ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിർമ്മിച്ചത്.
Most Viewed Indian Films on Netflix (2024) 1. #Maharaja 18.6M 2. #Crew 17.9M 3. #LaapataaLadies 17.1M4. #Shaitaan 14.8M5. #Fighter 14M6. #Animal 13.6M7. #Maharaj 11.6M 8. #Dunki 10.8M9. #Bhakshak 10.4M10. #BadeMiyanChoteMiyan 9.6M Maharaja - The only South Indian… pic.twitter.com/VuG7FprxBe
നോണ്ലീനിയര് സ്റ്റെെലില് കഥ പറയുന്ന ചിത്രത്തില് പ്രമേയാവതരണവും വിജയ് സേതുപതിയുടെ പെര്ഫോമന്സുമാണ് ഏറ്റവും കൂടുതല് കയ്യടി നേടുന്നത്. ജൂലെെ 12ന് നെറ്റ്ഫ്ളിക്സിലെത്തിയ ചിത്രം ഇപ്പോഴും ടോപ് ടെന് വിഭാഗത്തില് തുടരുന്നുണ്ട്. അതുകൊണ്ട് തന്നെ നെറ്റ്ഫ്ളിക്സില് കൂടുതല് നേട്ടങ്ങള് മഹാരാജയ്ക്ക് സ്വന്തമാക്കാന് കഴിഞ്ഞേക്കാം.
ചിത്രം ബോളിവുഡ് റീമേക്കിനായി ഒരുങ്ങുന്നതായും വിജയ് സേതുപതിയുടെ റോൾ ആമിർ ഖാൻ അവതരിപ്പിക്കുമെന്നും മുൻപ് വാർത്തയുണ്ടായിരുന്നു. എന്നാല് അണിയറ പ്രവര്ത്തകരുടെ ഭാഗത്ത് നിന്നും സ്ഥിരീകരണമൊന്നും വന്നിട്ടില്ല.